തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ താത്കാലിക ആശ്വാസം. മലബാറിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കണ്ടറി താത്കാലിക ബാച്ചുകളും കാസർകോട് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകളും താത്കാലികമായി അനുവദിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളും കൂടി ആകെ 120 താത്കാലിക ബാച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിച്ചു. കാസർകോട് ജില്ലയിലും വിവിധ താലൂക്കുകളിൽ സീറ്റ് ക്ഷാമം പരിഹരിഹരിക്കുന്നതിനായി ഒരു സയൻസ് ബാച്ചും 4 ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുകളും ഉൾപ്പടെ ആകെ 18ബാച്ചുകൾ അനുവദിച്ചു.
മലപ്പുറം ജില്ലയിലും കാസർകോട് ജില്ലയിലുമായി ആകെ 138 താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് ഒരു വർഷം പതിനാല് കോടി തൊണ്ണൂറ് ലക്ഷത്തി നാൽപതിനായിരം രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. റൂൾ 300 പ്രകാരമായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിച്ചതായി നിയമസഭയെ അറിയിച്ചത്.
ALSO READ: കെഎസ്‌യു നിയമസഭ മാർച്ചിൽ സംഘർഷം; സംസ്ഥാന പ്രസിഡന്‍റിന് പരിക്ക്