കോട്ടയം: സജി മഞ്ഞക്കടമ്പൻ്റെ രാജി വഞ്ചനാപരമെന്ന് മോൻസ് ജോസഫ് എംഎൽഎ. പാർട്ടിയിൽ ഒരു പരാതിയും സജി ഉന്നയിച്ചിട്ടില്ലെന്നും രാവിലെ വരെ ഒപ്പമുണ്ടായിരുന്ന സജി പെട്ടെന്ന് രാജി വയ്‌ക്കുകയായിരുന്നുവെന്നും അദ്ദേഹം. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ്.
തന്നോട് രാഷ്ട്രീയ വിരോധമുള്ള ആരോ സജിയുടെ കാലുമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും പാർട്ടി ഇത് പരിശോധിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. പാർട്ടിയിൽ ഏകാധിപത്യം ഉണ്ടായിട്ടില്ല. കൂട്ടായ തീരുമാനങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. സജിക്ക് പാർട്ടിയുടെ സ്ഥാനമാനങ്ങൾ നൽകുന്നതിന് ഒരു വ്യത്യാസവും കാട്ടിയിട്ടില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സീറ്റ് കിട്ടാത്തതിൽ സജിക്ക് അതൃപ്‌തി ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ യുഡിഎഫ് ജില്ല ചെയര്‍മാൻ സ്ഥാനം സജിക്ക് വിട്ടുനൽകി. സജിയെ സഹോദരനായാണ് കണ്ടത്. രാജിക്ക് പിന്നിൽ എതിരാളികൾ ചരട് വലിച്ചുവെന്നും മോൻസ് ജോസഫ് പറഞ്ഞു. രാജി വയ്ക്കാൻ കാരണമായി സജി പറഞ്ഞ കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല.
പ്രതികരണവുമായി തിരുവഞ്ചൂര്‍: സജി മഞ്ഞക്കടമ്പന്‍റെ രാജിയെ കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പ്രതികരിച്ചു. വിഷയം പരിശോധിച്ച് പരിഹരിക്കേണ്ട ചുമതല കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ പറഞ്ഞു.
സജിയുടെ രാജി യുഡിഎഫിന്‍റെ സാധ്യതകളെ ഒരു കാരണവശാലും ബാധിക്കില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും സജി പരസ്യമായി രാജി പ്രഖ്യാപിക്കും വരെ എന്തെങ്കിലും വിഷയം ഉള്ളതായി സൂചന പോലും ലഭിച്ചിരുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
യുഡിഎഫ് തകര്‍ച്ചയുടെ വക്കില്‍: യുഡിഎഫ് തകർച്ചയുടെ വക്കിലാണെന്നും അതിൻ്റെ ഭാഗമാണ് സജിയുടെ രാജി എന്നുമാണ് മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചത്. ജോസഫ് ഗ്രൂപ്പിൻ്റെ കരുത്തനും ജില്ലയിൽ പാർട്ടിയെ പിടിച്ച് നിർത്തിയ നേതാവുമാണ് സജി മഞ്ഞക്കടമ്പൻ. ചിഹ്നം പോലും ഇല്ലാത്ത പാർട്ടിയില്‍ ശക്തിയുണ്ടായിരുന്നത് സജി മഞ്ഞക്കടമ്പന് മാത്രമാണെന്നും കൂടുതൽ ആളുകൾ ഇനിയും പുറത്ത് വരുമെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.