തൊടുപുഴ: വിവാദ പ്രസ്‌താവനയില്‍ വീണ്ടും പുലിവാല്‍ പിടിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. അടിച്ചാൽ തിരിച്ച് അടിക്കണം, ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന എംഎം മണിയുടെ പ്രസ്‌താവനയാണ് ഇപ്പോള്‍ വിവാദത്തിലായത്. ശാന്തൻപാറ ഏരിയ സമ്മേളനത്തിലായിരുന്നു മുൻ മന്ത്രി കൂടിയായ എംഎം മണിയുടെ പ്രസംഗം.
അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല. അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക, പ്രതിഷേധിക്കുന്നതിന് നേരെ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്, ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കണം. അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യണം. തമാശയല്ല, ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം നേരിട്ട് അടിച്ചിട്ടുണ്ട്. ഞാനൊക്കെ നേരിട്ടടിച്ചിട്ടുണ്ടെന്നും മണി ഏരിയ സമ്മേളനത്തില്‍ പറഞ്ഞു.
ചുമ്മാ സൂത്രപ്പണികൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണം, അതുകൊള്ളാം എന്ന് ആളുകള്‍ പറയണം. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കണം. പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും എംഎം മണി പറഞ്ഞു.
"ഇവിടെ എത്ര സഖാക്കളെ കൊന്നിട്ടുണ്ടെന്ന് അറിയാമോ..? കാമരാജ് എങ്ങനെ മരിച്ചു..? കാമരാജിനെ കൊന്നു. തങ്കപ്പനെ വെട്ടികൊന്നു, അയ്യപ്പദാസ്... അതിനെയെല്ലാം നേരിട്ടു ഞങ്ങള്‍. തമാശയല്ല, നിങ്ങളില്‍ പലരും നേരിട്ട് നിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്ക് അറിയാം. എന്നുവച്ച് കവലയില്‍ പോയി അടികൂടണം എന്നല്ല. ആളുകള്‍ പറയണം തിരിച്ചടിച്ചത് നന്നായി എന്ന്. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കുക. അടിച്ചാലും ജനങ്ങള്‍ക്ക് തോന്നണം നന്നായി എന്ന്. അല്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ല."
നേരത്തെയും എംഎം മണിയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ വിവാദമായിട്ടുണ്ട്. വൺ, ടു, ത്രീ പരാമർശമാണ് അവയിൽ ഏറ്റവും വിവാദമായത്. യുഡിഎഫ് നേതാവ് ഡീൻ കുര്യാക്കോസിനും മുതിർന്ന നേതാവ് പിജെ കുര്യനുമെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശവും വലിയ വിവാദത്തിന് വഴി വച്ചിരുന്നു. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, പിജെ കുര്യൻ പെണ്ണുപിടിയനാണെന്നുമായിരുന്നു മണിയുടെ വിവാദപരാമർശം.
സംസ്ഥാന സർക്കാരിനെതിരെയും മണി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു വിമർശനം. ജില്ലയിലെ മുഴുവൻ ആളുകൾക്കും പട്ടയം നൽകാതെ സൂത്രത്തിൽ കാര്യം നടത്താമെന്ന് ഒരു സർക്കാരും കരുതേണ്ടെന്ന് എംഎം മണി പറഞ്ഞിരുന്നു. അന്ന് സിപിഎം സംഘടിപ്പിച്ച ശാന്തൻപാറ ഫോറസ്‌റ്റ് ഓഫീസ് മാർച്ചിലായിരുന്നു മണിയുടെ വിമർശനം.