തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോള്‍ യുഡിഎഫ് 20-ല്‍ 20 സീറ്റും നേടുമെന്ന് കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ പ്രധാന അജണ്ടയായ കെപിസിസി നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംഎം ഹസന്‍. വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തിയത് സിപിഎമ്മാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഷാഫിക്ക് എതിരെ വര്‍ഗീയ പ്രചാരണം നടത്തി. സമുദായത്തോട് പ്രതിബദ്ധത ഇല്ലാത്ത മുസ്ലീം ആണ് ഷാഫി എന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞു. മുസ്ലിം പ്രീണനം നടത്തിയെന്ന് തെരഞ്ഞെടുപ്പിന് ശേഷം പറഞ്ഞു. ഇതിനെതിരായ പ്രതിഷേധം മെയ് 11-ന് വടകരയില്‍ നടത്തും, കെപിസിസി പ്രത്യേകമായി ക്യാമ്പെയന്‍ നടത്തുമെന്നും എംഎം ഹസന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവരുടെ ലിസ്റ്റ് കെപിസിസി ശേഖരിക്കുമെന്നും എംഎം ഹസന്‍ വ്യക്തമാക്കി. യുഡിഎഫ് അനുഭാവികള്‍ വോട്ട് ചെയ്‌തില്ലെങ്കില്‍ കാരണം അന്വേഷിക്കും. ജില്ല കോണ്‍ഗ്രസ് കമ്മറ്റികള്‍ ഈ മാസം 24 ന് റിപ്പോര്‍ട്ട് കെപിസിസിക്ക് നല്‍കണം. ബൂത്തുകളില്‍ നിന്ന് മെയ് 16 മുതല്‍ 20 വരെ കണക്കെടുപ്പ് നടത്തുമെന്നും ഹസന്‍ പറഞ്ഞു.
തൃശൂരില്‍ 50,000 ത്തിലധികം വോട്ടിന് ജയിക്കും
തൃശൂരില്‍ 50,000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. എംഎം ഹസനോടൊപ്പം കെപിസിസി നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറഞ്ഞ് ചില വാര്‍ത്തകള്‍ വന്നു. ഞാന്‍ പറഞ്ഞതായി പറയുന്ന ഒന്നും പറഞ്ഞിട്ടില്ല.
50000 ത്തിലധികം വോട്ടിന് തൃശൂരില്‍ വിജയിക്കും. പ്രചാരണത്തിനെതിരെ പ്രതാപനും ജോസ് വെള്ളൂരും കൂടെയുണ്ടായിരുന്നു. ഒറ്റക്കെട്ടായിട്ടായിരുന്നു പ്രചരണം. വ്യാജ വാര്‍ത്തകള്‍ തയ്യാറാക്കുന്നത് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
ALSO READ: 'കേരളമാകെ മോദി- പിണറായി വിരുദ്ധ തരംഗം': എം എം ഹസൻ