പത്തനംതിട്ട: റാന്നിയില്‍ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. ഇന്ന് (ഏപ്രിൽ 16) പുലര്‍ച്ചെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ രണ്ട് പെൺമക്കളെയാണ് പൊലീസ് കണ്ടെത്തിയത്. തിരുവല്ല സ്വകാര്യ ബസ് സ്‌റ്റാൻഡിൽ വച്ചാണ് ഇരുവരെയും കണ്ടെത്തിയത്. പന്ത്രണ്ടും പതിനാലും വയസുള്ള ഉത്തർപ്രദേശ് സ്വദേശിനികളായ പെണ്‍കുട്ടികളെ റാന്നിയിലെ വാടക വീട്ടിൽ നിന്നാണ് കാണാതായത്.
ഇന്ന് രാവിലെയാണ് റാന്നി പൊലീസിൽ പരാതി ലഭിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ പെൺകുട്ടികളെ സ്വകാര്യ ബസ് സ്‌റ്റാൻഡിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മാതാവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്ന് പൊലീസ് പറഞ്ഞു.
റാന്നിയിൽ തുണികച്ചവടം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിക്ക് ഒപ്പം താമസിക്കുന്ന സ്ത്രീയുടെ കുട്ടികളാണ് വീട് വിട്ട് പോയത്. ഇളയ പെൺകുട്ടിയെ മൂത്ത പെൺകുട്ടി ഉപദ്രവിച്ചെന്ന കാരണം പറഞ്ഞ് മാതാവ് മൂത്ത പെൺകുട്ടിയെ വഴക്ക് പറയുകയും അടിക്കുകയും ചെയ്‌തതായാണ് വിവരം. ഇതിനെ തുടർന്ന് ഇളയ കുട്ടിയേയും കൂട്ടി ഇരുവരും വീട് വിട്ട് പോകുകയായിരുന്നു.
Also Read: ആലുവയിൽ നിന്ന് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി