പത്തനംതിട്ട : തിരുവല്ലയില്‍ നിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പുലർച്ചെ 4 മണിയോടെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തി (Thiruvalla Missing Girl Returns). അതേസമയം കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശൂർ സ്വദേശികളായ അതുല്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ (24-02-2024) വൈകിട്ട് പൊലീസ് യുവാക്കളുടെ മുഖം വ്യക്തമാകുന്ന സി സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ കാണുന്ന യുവാക്കളെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ തിരുവല്ല പൊലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവെെഎസ്‌പി അറിയിക്കുകയും ചെയ്‌തിരുന്നു (Thiruvalla Missing Case) കാണാതായ പെൺകുട്ടി ബസ് സ്‌റ്റാൻഡില്‍ വച്ച് യൂണിഫോം മാറ്റി പുതിയ വസ്‌ത്രം ധരിച്ചെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്‌ച (22-02-2023) വെെകിട്ടാണ് ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്‌ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഊർജ്ജിത അന്വേഷണം നടത്തി വരുന്നതിനിടെയാണ് പെൺകുട്ടി സ്റ്റേഷനിൽ ഹാജരായത്. കാണാതായി നാലാമത്തെ ദിവസമാണ് പെൺകുട്ടി തിരിച്ചെത്തുന്നത്. പെണ്‍കുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം മുങ്ങിയ അതുലിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കെ.എസ്.ആർ.ടി.സി ബസില്‍ നിന്ന് മൂവാറ്റുപുഴയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. അഖിലിനെ തൃശൂരിൽ നിന്നുമാണ് പിടികൂടിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുള്ള വകുപ്പുകള്‍ ചുമത്തി യുവാക്കള്‍ക്കെതിരെ തിരുവല്ല പൊലീസ് കേസ് എടുത്തിട്ടുണ്ട്.