തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം വീട് വിട്ടിറങ്ങിയ അസം സ്വദേശി തസ്‌മിത് തംസം എന്ന 13 വയസുകാരിയെ കണ്ടെത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികൾ ട്രെയിനിലെ സീറ്റിൽ കിടന്നുറങ്ങുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
തമിഴ്‌നാട്ടിലെ താംബരത്തുനിന്ന് പശ്ചിമ ബംഗാളിലെ ചിത്തരഞ്ജൻ എന്ന സ്ഥലത്തേക്ക് പോകുന്ന ട്രെയിനിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് അസോസിയേഷന്‍ പ്രതിനിധികള്‍ നല്‍കുന്ന വിവരം.
ഇന്നലെ (ഓഗസ്‌റ്റ് 20) ഉച്ചയ്‌ക്കുള്ള ഐലന്‍ഡ് എക്‌സ്‌പ്രസില്‍ കയറി കന്യാകുമാരിയിലേക്ക് പോയ കുട്ടി നാഗര്‍കോവിലില്‍ ഇറങ്ങി കുപ്പിയില്‍ വെള്ളമെടുത്ത ശേഷം തിരികെ അതേ ട്രെയിനില്‍ തന്നെ കയറുന്നതിന്‍റെ സിസിടിവി ദൃശ്യം കിട്ടിയതിന് പിന്നാലെ പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.