പത്തനംതിട്ട : റാന്നി തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്‍റെ വീട് സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഭാര്യയേയും മകനെയും മറ്റ് ബന്ധുക്കളെയും കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്‌ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്‌ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര വന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ഇടപെടാൻ കഴിയാത്ത സാഹചര്യത്തിലാണ് വന്യമൃഗ - മനുഷ്യ സംഘർഷത്തെ സംസ്ഥാന ദുരന്തമായി സംസ്ഥാന മന്ത്രിസഭ കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ പെട്ടെന്നുള്ള ഇടപെടലുകളാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായൺ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വീടിന്‍റെ മുറ്റത്തെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ഓട്ടോഡ്രൈവറായ പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ബിജുവിന്‍റെ വീടിന്‍റെ മുറ്റത്ത് ആന വന്ന് കൃഷികള്‍ നശിപ്പിക്കുന്ന ശബ്‌ദം കേട്ടാണ് ബിജു എഴുന്നേറ്റത്.
കൃഷി നശിപ്പിക്കുന്നത് തടഞ്ഞ് ആനയെ ഓടിക്കാൻ ഇറങ്ങിയതിനിടെയാണ് ബിജുവിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. തുടർന്ന് വീട്ടില്‍ നിന്ന് 50 മീറ്റർ മാറി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.