തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തില്‍ നിന്ന് റെയില്‍വേ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി അബ്‌ദുറഹിമാന്‍ രംഗത്ത്. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. വീണ്ടും അധികാരത്തിലേറിയ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് അവഗണനയും പ്രതികാരബുദ്ധിയും തുടരുന്നതിൻ്റെ ഉദാഹരണമാണ് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കം.
പാലക്കാട് ഡിവിഷനെതിരെ ഒരു നീക്കവുമില്ലെന്ന് റെയില്‍വേ ഉന്നതര്‍ പരസ്യമായി പറയുമ്പോഴും എതിരായ നീക്കങ്ങള്‍ അണിയറയില്‍ തകൃതിയാണ്. ഇത്തരമൊരു നീക്കം നടത്തിയാല്‍ വരുന്ന കടുത്ത ജനരോഷം ശമിപ്പിക്കാനുള്ള കുതന്ത്രങ്ങളാണ് റെയില്‍വേ ട്രാക്കിലിറക്കുന്നത്. റെയില്‍വേയുടെ ഉന്നതതല യോഗത്തില്‍ ഈ നീക്കം അജണ്ടയായി വരുന്നത് യാദ്യശ്ചികമാണെന്ന് കരുതാന്‍ കഴിയില്ല.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് പാലക്കാട് ഡിവിഷന്‍. ഒരു പോരായ്‌മകളും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും ഈ ഡിവിഷന്‍ നിര്‍ത്തലാക്കുന്നത് കേരളത്തിനെതിരായ ഗൂഢനീക്കമാണ്. റെയില്‍വേ വികസനത്തിൻ്റെ കാര്യത്തില്‍ കേരളത്തോട് എക്കാലവും കടുത്ത അവഗണനയാണ് തുടരുന്നത്. അതിനിടയിലാണ് നിലവിലെ സംവിധാനങ്ങള്‍ കൂടി ഇല്ലാതാക്കുന്നത്.
യുപിഎ സര്‍ക്കാര്‍ കാലത്ത് പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചാണ് സേലം ഡിവിഷന്‍ ആരംഭിച്ചത്. അതിനുശേഷം പാലക്കാട് ഡിവിഷനെ ദുര്‍ബലപ്പെടുത്താന്‍ ആസൂത്രിത നീക്കമുണ്ടായി. പാലക്കാടിനെ മംഗളൂരുവിൻ്റെ ഭാഗമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.
അന്ന് കടുത്ത പ്രതിഷേധം ഉയര്‍ത്തി കേരളം അതിനെ ചെറുത്തു തോല്‍പ്പിച്ചു. പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മന്ത്രി വി അബ്‌ദുറഹിമാന്‍ പറഞ്ഞു.
Also Read: 'പാലക്കാട് ഡിവിഷന്‍ വിഭജിക്കില്ല, വാര്‍ത്തകള്‍ അടിസ്ഥാന രഹിതം': റെയില്‍വേ