കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം വന്നാൽ വരുന്നിടത്തുവച്ച് കാണാമെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ തേടിയും ഇ.ഡി അന്വേഷണം വരുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല കേരളത്തിന്‍റേത്. ഇഡി വരട്ടെ, വരുമ്പോള്‍ കാണാം, വന്നാലും ഒന്നും നടക്കാൻ പോകുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യംവച്ച് കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുകയാണ്. കോൺഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും റിയാസ് പ്രതികരിച്ചു.
പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികള്‍ വരാത്തത് കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായതിന്‍റെ ഭാഗമായാണെന്ന ആക്ഷേപം കോൺഗ്രസിന്‍റെ ഭാഗത്തുനിന്ന് നേരത്തെ ഉയരുന്നതാണ്. ഇപ്പോള്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അറസ്‌റ്റിലായതോടെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് ഉയരുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.