തിരുവനന്തപുരം: തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തകൾ തള്ളി മന്ത്രി മുഹമ്മദ് റിയാസ് (Minister Muhammad Riyas). കടകംപള്ളിയെ ഉന്നമിട്ട് മന്ത്രി റിയാസ് നടത്തിയ പരസ്യ വിമര്‍ശനത്തിന്‍റെ പേരിൽ സിപിഎം സെക്രട്ടേറിയറ്റിൽ (CPM State Secretariat) വിമര്‍ശനമുയര്‍ന്നു എന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇത് അസംബന്ധമാണെന്നും വാര്‍ത്തകള്‍ ഒന്നുകൂടി കളർഫുള്ളാക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
തലസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ (kadakampally surendran) വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു പൊതുപരിപാടിക്കിടെ കടകംപള്ളിയെ പരോക്ഷമായി വിമർശിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ചില കരാറുകാരെ തൊടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
തുടർന്ന് മന്ത്രിയുടേത് അപക്വവും പദവിക്ക് നിരക്കാത്തതുമായ പ്രസ്‌താവനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയൽ വിമര്‍ശനം ഉയർന്നതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുണ്ടായ പരോക്ഷമായ വാക്‌പോര് നിയമസഭയില്‍ പ്രതിപക്ഷവും വിമര്‍ശനായുധമാക്കിയിരുന്നു. എന്നാല്‍ താനും മന്ത്രി റിയാസുമായി യാതൊരു പ്രശ്‌നവുമില്ലെന്നും വിഷയം മാധ്യമ സൃഷ്‌ടിയാണെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്‍റെ വാദം.
മന്ത്രിയോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ചുകൊണ്ട് ഇരുവരും തമ്മിൽ പ്രശ്‌നമൊന്നുമില്ലെന്ന് തന്‍റെ ഫേസ് ബുക്കിലും കടകംപള്ളി സുരേന്ദ്രന്‍ കുറിച്ചു. മന്ത്രിയും മുന്‍ മന്ത്രിയും തമ്മിലുള്ള പരസ്യമായ വിമര്‍ശനം പൊതുമധ്യത്തില്‍ ചര്‍ച്ചയായെങ്കിലും തര്‍ക്കങ്ങളൊന്നുമില്ലെന്ന് തന്നെയാണ് ഇരുവരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
Also read: 'പ്രതികരണം അപക്വം', മന്ത്രി പിഎ മുഹമ്മദ് റിയാസിന് സിപിഎം സെക്രട്ടേറിയറ്റില്‍ വിമർശനം