തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശജനകമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര സർക്കാർ ബജറ്റ് കാത്തിരുന്നത് വലിയ പ്രതീക്ഷയോടെയായിരുന്നുവെന്നും എന്നാൽ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്താൻ വേണ്ട നടപടികൾ ബജറ്റിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി കെഎന്‍ ബാലഗോപാല്‍.
കേരള സര്‍ക്കാര്‍ സമർപ്പിച്ച പദ്ധതികൾക്ക് ഒന്നും പണം ലഭിച്ചിട്ടില്ല. രാജ്യത്തിൻ്റെ വികസനത്തിനും ബജറ്റ് സന്തോഷകരമല്ല. സാമ്പത്തികമായി മെച്ചപ്പെട്ട ബജറ്റ് അല്ലിതെന്നും മന്ത്രി പറഞ്ഞു.
പഴയ കാര്യങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്‌തു വച്ചു. ബജറ്റില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തേണ്ടിയിരുന്നു. സാമ്പത്തിക മാന്ദ്യ വിരുദ്ധമായ പാക്കേജ് വേണമായിരുന്നു. സംസ്ഥാനത്തിന് നല്‍കുന്ന വിഹിതത്തിന് വര്‍ധനവില്ല. കാര്‍ഷിക മേഖലയിലും നീക്കിയിരിപ്പ് ഇല്ല. സംസ്ഥാനത്തിന് ബജറ്റ് നിരാശാജനകമാണെങ്കിലും വിഴിഞ്ഞം പോലുള്ള വലിയ പദ്ധതികൾ നമ്മളൊക്കെ ചേർന്ന് വിജയിപ്പിച്ച് എടുക്കുമെന്നും താമസം വന്നാലും പദ്ധതികൾ നന്നായിട്ട് നടത്തുമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക രംഗത്ത് സംസ്ഥാനത്ത് അടക്കം ഒരു മരവിപ്പുണ്ട്. നികുതി പിരിച്ചെടുക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു. രാജ്യം ചെലവാക്കുന്നതിൻ്റെ 25 ശതമാനം പലിശ ഇനത്തിലാണ് പോകുന്നത്. 5 ശതമാനത്തിന് മുകളിൽ കടം എടുക്കുന്നവർ 3 ശതമാനം കടം എടുക്കുന്ന കേരളത്തെ കുറ്റം പറയുന്നുവെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക രംഗം മുന്നോട്ട് പോകുന്നുവെന്ന് പറയുമ്പോഴും സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള യാതൊന്നും ബജറ്റില്‍ ഉണ്ടായില്ല. പത്തര ലക്ഷം ഒഴിവുകൾ കേന്ദ്ര സര്‍ക്കാര്‍ മേഖലയിലുണ്ട്. ബജറ്റില്‍ ഇതിനെ കുറിച്ചും പരാമർശങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഉള്ള തർക്കത്തിൽ കേന്ദ്രം ഉയർന്ന മനസോടെയാണ് തീരുമാനം എടുക്കേണ്ടത്. ഞങ്ങള്‍ ഇങ്ങനെയെല്ലാം ചെയ്യും, ഞങ്ങൾക്ക് ജനങ്ങളുടെ കാര്യം പ്രശ്‌നമല്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി കെഎന്‍ ബാലഗോപാൽ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റില്‍ നിരാശ മാത്രം: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കേരളത്തിന് അതൃപ്‌തിയാണ്. സംഭവത്തില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ അടക്കം നിരവധി പേരാണ് അതൃപ്‌തി അറിയിച്ചത്. മുന്‍ മന്ത്രിയായ എംഎ ബേബിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും വിഷയത്തില്‍ നേരത്തെ പ്രതികരിച്ചിരുന്നു.
പ്രതീക്ഷകളെല്ലാം തകിടം മറിച്ച് എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റ് എന്നാണ് എംഎ ബേബി അറിയിച്ചത്. അതേസമയം ഇന്ത്യയിലെ ജനങ്ങളെ പരിഹസിക്കുന്നതാണ് ബജറ്റെന്ന് ഇപി ജയരാജനും പ്രതികരിച്ചു.