തിരുവനന്തപുരം : ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണത്തിനെതിരെ സ്‌കൂൾ ഉടമകൾ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാൻ വഴിയൊരുങ്ങുന്നു. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. വൈകിട്ട് 3 മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചർച്ച.
ടെസ്‌റ്റ് പരിഷ്‌കരണത്തിനെതിരെ സ്‌കൂൾ ഉടമകൾ മെയ് 2 മുതൽ ടെസ്‌റ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തിവരികയാണ്. ഇത് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്കും വ്യാപിപ്പിച്ചിരുന്നു. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. സമരം ശക്തമാക്കിയിരിക്കെയാണ് വിഷയത്തിൽ മന്ത്രി ചർച്ചക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്‌ചയായി സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റുകളും മുടങ്ങിയിരുന്നു. ഫെബ്രുവരി 4 ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നായിരുന്നു ഉടമകൾ ഉന്നയിച്ച പ്രാധാന ആവശ്യം. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മെയ് നാലിന് മന്ത്രിയുടെ നിർദേശപ്രകാരം ഇളവുകൾ വരുത്തി പുതിയ സർക്കുലറും ഇറക്കിയിരുന്നു. എന്നാൽ സർക്കുലറിലെ നിർദേശങ്ങൾ അംഗീകരിക്കാൻ ആകില്ലെന്ന നിലപാടിലാണ് സ്‌കൂൾ ഉടമകൾ.
പുതുക്കിയ സർക്കുലർ പ്രകാരം ഡ്രൈവിങ് ടെസ്റ്റിന് 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റുന്നതിന് ആറുമാസത്തെ ഇളവും ഡ്യുവല്‍ ക്ലച്ച് ആന്‍ഡ് ബ്രേക്ക് സിസ്‌റ്റം ഘടിപ്പിച്ച വാഹനങ്ങള്‍ മാറ്റാൻ മൂന്ന് മാസത്തെ ഇളവും ഡാഷ് ബോര്‍ഡ് ക്യാമറ, സെന്‍സര്‍ എന്നിവ ഘടിപ്പിക്കാന്‍ മൂന്ന് മാസം ഇളവും നൽകിയിട്ടുണ്ട്.
പ്രതിദിനം 40 ടെസ്‌റ്റുകൾ നടത്താമെന്നും പുതുക്കിയ സർക്കുലറിൽ പറയുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ സ്‌കൂൾ ഉടമകൾ തയാറല്ല. കോർപ്പറേറ്റുകൾക്ക് വേണ്ടി ഡ്രൈവിങ് സ്‌കൂള്‍ മേഖലയെ അടിയറവ് വയ്ക്കാതിരിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ടെസ്‌റ്റിനും പരിശീലനത്തിനും അനുവദിക്കുക, ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളും ടെസ്‌റ്റിനും പരിശീലനത്തിനും അനുവദിക്കുക, അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് പ്രതിദിന ടെസ്‌റ്റ് നടത്തുക, കുത്തകകൾക്ക് വഴിയൊരുക്കുന്ന കരി നിയമങ്ങൾ പിൻവലിക്കുക, വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ മുന്നോട്ടുവയ്‌ക്കുന്നത്.