തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു. 20 പേരെയാണ് പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ സ്റ്റാഫിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയവരുടെ നിയമനം. കൊല്ലത്ത് നിന്നുള്ള കേരള കോൺഗ്രസുകാരാണ് സ്റ്റാഫിലധികം പേരും. കോടിയേരി ബാലകൃഷ്‌ണന്‍റെ പിഎ ആയിരുന്ന എപി രാജീവനെയും സ്റ്റാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ, താൻ മന്ത്രി ആയാൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാൽ സ്റ്റാഫിന്‍റെ എണ്ണം കുറയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തന്‍റേത് ചെറിയ പാർട്ടിയായതുകൊണ്ട് അർഹരായ അനുഭാവികളെയാണ് നിയമിച്ചതെന്നും മന്ത്രി വിശദീകരിച്ചു. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായി മന്ത്രിക്ക് 25 പേരെ നിയമിക്കാം. വൈകാതെ ബാക്കി അഞ്ച് പേരെ കൂടി നിയമിക്കുമെന്നാണ് സൂചന (KB Ganesh Kumar's Personal Staff)
പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളിൽ സിപിഎം സംഘടനാനേതാവ് എ.പി. രാജീവനെ അഡി. പ്രൈവറ്റ് സെക്രട്ടറിയായും, കെഎസ്ആർടിസി എക്‌സിക്യുട്ടീവ് ഡയറക്‌ടർ ജി. അനിൽ കുമാറിനെ അസി. പ്രൈവറ്റ് സെക്രട്ടറിയായും, കൊല്ലം സ്വദേശിയായ സുവോളജി അധ്യാപകൻ രഞ്ജിത്തിനെ അഡി.പ്രൈവറ്റ് സെക്രട്ടറിയുമായാണ് നിയമിച്ചിരിക്കുന്നത്.