തൃശൂര്‍: ഹൈവേയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അനാവശ്യമായ സിഗ്നല്‍ ലൈറ്റുകള്‍ ഒഴിവാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഹൈവേയിലെ അനാവശ്യമായ ഇത്തരം സിഗ്നലുകളാണ് യാത്രയെ ബാധിക്കുന്നത്. ആവശ്യമുള്ളിടത്തെല്ലാം യു ടേണ്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗത കുരുക്ക് നേരിട്ട് പരിശോധിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെബി ഗണേഷ് കുമാര്‍.
വാഹനങ്ങള്‍ നേരിട്ട് ഹൈവേയില്‍ കയറുന്നതിന് പകരം സര്‍വീസ് റോഡുകള്‍ ഒരുക്കും. പാതയിലെ ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി അതിന് പരിഹാരം കാണും. പരിശോധനക്കിടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് നീങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് (മെയ് 24) ഉച്ചയ്‌ക്ക് 12 മണിക്കാണ് ഗതാഗത കുരുക്ക് പരിശോധിക്കാന്‍ മന്ത്രി നേരിട്ടിറങ്ങിയത്. ചാലക്കുടിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോരിറ്റി അധികൃതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Also Read: സർവീസ് റോഡ് ഇടിഞ്ഞ് വീടുകള്‍ തകര്‍ന്ന സംഭവം : ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍