തൃശൂർ : സംസ്ഥാനത്ത് ഒരേ ഇടത്തുതന്നെ രേഖപ്പെടുത്തുന്നത് റെക്കോർഡ് മഴയാണെന്ന് മന്ത്രി കെ രാജൻ. മഴയുടെ അളവിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നും,സംസ്ഥാനത്തെ സാഹചര്യം സർക്കാർ വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 3 ഓടുകൂടി എൻഡിആർഎഫിന്‍റെ അധിക യൂണിറ്റുകൾ സംസ്ഥാനത്തെത്തും. വേനൽ മഴ വർദ്ധിച്ചതിനാൽ കാലവർഷവും വർധിക്കാനാണ് സാധ്യത. മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലൂടെ യാത്ര ഒഴിവാക്കണം. മഴ പെയ്‌തില്ലെങ്കിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടാകുമെന്ന ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ സഹായത്തിനായി എത്തുന്നവരോട് വളരെ അധികം നന്ദി ഉണ്ട്. സോഷ്യൽ മീഡിയകൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ ദയവുചെയ്‌ത് അത് നിർത്തണം. ആളുകളിൽ ആശങ്ക നിറയ്‌ക്കരുതെന്നും അദ്ദേഹം പറഞ്ഞു.