തിരുവനന്തപുരം: സപ്ലൈകോയിലെ വില വര്‍ദ്ധനവ് ജനങ്ങളെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തുമെന്നും വിപണി വിലയിലെ വ്യത്യാസം അനുസരിച്ച് നിരക്കില്‍ മാറ്റം വരുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. മാര്‍ക്കറ്റ് വിലയേക്കാള്‍ 35 ശതമാനം വിലക്കുറവിലാണ് സാധനങ്ങള്‍ നല്‍കുക (Minister GR Anil). സപ്ലൈകോയുടെ പ്രവര്‍ത്തനം മികച്ചതാകണം എന്നതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒരു സ്ഥാപനത്തില്‍ നിന്ന് ഒരു ഉത്പന്നവും ലഭിക്കാത്തതാണോ സ്ഥാപനം മെച്ചപ്പെട്ട് ജനങ്ങള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതാണോ നല്ലതെന്നും മന്ത്രി ചോദിച്ചു. സപ്ലൈകോയിലെ വില വര്‍ദ്ധനവ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
2016 മുതല്‍ അഞ്ചു വര്‍ഷം വില വര്‍ദ്ധിപ്പിക്കില്ല എന്നാണ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. അത് വര്‍ദ്ധിപ്പിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ഭാരം കൂടുതല്‍ അടിച്ചേല്‍പ്പിക്കണം എന്നതല്ല സര്‍ക്കാര്‍ തീരുമാനം. ഒരു പൊതുമേഖല സ്ഥാപനവും പൂട്ടി പോകരുത് എന്നതാണ് സര്‍ക്കാര്‍ നയം. 2016 ലാണ് മാര്‍ക്കറ്റ് വിലയെക്കാള്‍ 26 % കുറവില്‍ സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്. അത് ഇത്രയും നാള്‍ തുടര്‍ന്നു. ഇത് സപ്ലൈകോയെ വല്ലാത്ത പ്രതിസന്ധിയിലാഴ്ത്തി. തുടര്‍ന്നാണ് ഒരു സമിതിയെ വര്‍ദ്ധനവ് പരിശോധിക്കാന്‍ നിയോഗിച്ചത്.
വിപണി വിലയില്‍ ഉത്പന്നങ്ങള്‍ക്ക് നിരക്ക് കുറയുമ്പോള്‍ സപ്ലൈകോയിലും നിരക്ക് കുറയ്ക്കും. ഇത് മൂന്നു മാസത്തില്‍ ഒരിക്കല്‍ അവലോകനം ചെയ്യും. വിപണിയില്‍ നിരക്ക് കൂടുമ്പോള്‍ നിരക്ക് പുനക്രമീകരിക്കുന്നത് ആലോചിച്ചു മാത്രമായിരിക്കുമെന്നും മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി.