തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ ആൽമര മുത്തശ്ശിയെ കാണാനെത്തി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആൽമരത്തിന് ക്ഷേത്ര ഉപദേശക സമിതിയും കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നൊരുക്കിയ സംരക്ഷണം നേരിൽ കാണാനാണ് മന്ത്രിയെത്തിയത്. ആൽമരത്തെ സംരക്ഷിച്ച ക്ഷേത്രസമിതിയെ അഭിനന്ദിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
നിരവധി പൂരങ്ങൾക്ക് സാക്ഷിയായ മുത്തശ്ശി ആലിനെ രക്ഷിച്ചെടുത്ത മാധ്യമ വാർത്തകൾ കണ്ടാണ് മന്ത്രി ഇവിടേക്ക് നേരിട്ടെത്തിയത്. മരത്തെ പുനരുജ്ജീവിപ്പിച്ച നടപടി വിശദീകരിച്ചു കൊണ്ടുള്ള ഒരു ബോർഡ് സമീപത്തു സ്ഥാപിക്കണമെന്ന നിർദേശവും മന്ത്രി ക്ഷേത്രഭാരവാഹികൾ നൽകി.
വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂല സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ആൽമരത്തിന് 160ലധികം വർഷത്തെ പഴക്കമുണ്ട്. രണ്ട് വർഷം മുൻപ് സോഷ്യൽ ഫോറസ്ട്രി നടത്തിയ പരിശോധനയിൽ ആലിന് ബലക്ഷയം കണ്ടെത്തിയിരുന്നു തുടർന്നാണ് രണ്ടു തലമുറകൾക്ക് തണലേകിയ ആലിന് സംരക്ഷണം ഒരുക്കാൻ അധികൃതർ തീരുമാനിച്ചത്. കേട് ബാധിച്ച ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് സ്വാഭാവിക വളർച്ചക്ക് വഴിയൊരുക്കിയത്.
മരത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ഭക്തരുടെ സുരക്ഷ മുൻനിർത്തി മുറിച്ചു മാറ്റാൻ തീരുമാനിച്ചെങ്കിലും ജീവന്‍റെ തുടിപ്പുകൾ അവശേഷിക്കുന്നുണ്ടെന്നു തന്ത്രി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. തുടർന്ന് പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിന്‍റെ സഹകരണത്തോടെ മരത്തിനു പുതുജീവൻ നല്‍കുകയായിരുന്നുവെന്ന് വടക്കുംനാഥ ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ആലിൽ തനിയെ വളർന്ന പേരാലും ഇത്തിയും ഉള്ളതിനാൽ ആലിന് സമീപത്ത് അത്തിമരം കൂടി നട്ട് നാല്‌പാമരമാക്കുകയായിരുന്നു പിന്നീട് സ്വീകരിച്ച നടപടി. ഭംഗസുകൾ നീക്കം ചെയ്‌ത് മരത്തിന് പൂർണമായും സംരക്ഷണം ഏർപ്പെടുത്തി. രണ്ട് വർഷങ്ങൾക്കിപ്പുറം കൊമ്പുകൾ മുറിച്ചു മാറ്റിയ സ്ഥാനത് പുതിയ ചില്ലകൾ കിളിർത്തു. 160 വർഷം പഴക്കമുള്ള ആൽമരം 10 വർഷത്തെ വളർച്ചക്ക് തുല്യമായ രീതിൽ പുഷ്‌ടിയോടെയാണ് ഇപ്പോൾ നിലകൊള്ളുന്നത്.
Also Read : വടക്കുംനാഥ ക്ഷേത്രത്തിലെ ആൽ മുത്തശ്ശിക്ക് ബലക്ഷയം; സംരക്ഷണമൊരുക്കി ക്ഷേത്ര സമിതി