എറണാകുളം: മുട്ടയുമായെത്തിയ മിനി ലോറിയില്‍ ബസിടിച്ചു. 20,000ത്തോളം മുട്ടകള്‍ റോഡില്‍ പരന്നൊഴുകി. ആലുവ പെരുമ്പാവൂർ റോഡിലാണ് സംഭവം.
ആലുവയിൽ നിന്നും മുട്ടയുമായെത്തിയ മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പിന്നാലെയെത്തിയ സ്വകാര്യ ബസ് മിനി ലോറിയെ മറികടക്കവേയായിരുന്നു അപകടം. വേഗത്തിലെത്തിയ ബസ് മിനി ലോറിയുടെ പിറകില്‍ ഇടിച്ചു. ഇതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട മിനി ലോറി മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചതിന് ശേഷം റോഡരികിലെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പൊട്ടിയ മുട്ട റോഡ് മുഴുവന്‍ പരന്നൊഴുകി. സംഭവത്തിന് പിന്നാലെ ആലുവ-പെരുമ്പാവൂര്‍ റോഡിലെ ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സാണ് മുട്ട കഴുകി വൃത്തിയാക്കിയത്. അതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുട്ട വണ്ടിയെ മറികടക്കാൻ, വേഗതയിലെത്തിയ സ്വകാര്യ ബസ് ശ്രമിച്ചതോടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി. അതേസമയം ക്രിസ്‌മസ് സീസൺ അടുത്തതോടെ മുട്ടയുടെ ഡിമാന്‍ഡ് കൂടുകയും മുട്ട കിട്ടാനില്ലാത്ത അവസ്ഥയാണ് ഉളളത്. നാട്ടിൽ മുട്ടയ്‌ക്ക് വൻ ഡിമാന്‍ഡ് അനുഭവപ്പെടുന്ന സമയത്ത് തന്നെയാണ് 20,000ത്തോളം മുട്ട പൊട്ടി റോഡിലൊഴുകിയത്.
Also Read: കല്ലടിക്കോട് വാഹനാപകടം; പനയമ്പാടം അപകടവളവിൽ സുരക്ഷാ നടപടികൾ ആരംഭിച്ചു