കൊല്ലം : മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. അഷ്‌ടമുടി കായലിലാണ് മൃതദേഹം കണ്ടത്. ആലുംമൂട് പ്ലാവില തെക്കതിൽ വിജയന്‍റെ (52) മ്യതദേഹമാണ് ആനന്ദവല്ലീശ്വരം തോപ്പിൽ കടവ് ബോട്ട് ജെട്ടിയിൽ കണ്ടെത്തിയത്.
മത്സ്യബന്ധന ബോട്ടുകളിൽ പെയിന്‍റിങ് ജോലി ചെയ്‌തുകൊണ്ടിരുന്ന തൊഴിലാളികളാണ് ബോട്ടുകൾക്കിടയിലായി കമിഴ്ന്ന നിലയിൽ കിടന്നിരുന്ന മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. മാത്രമല്ല അത് അഴുകിയ നിലയിലും ആയിരുന്നു.
ബോട്ടുകളിലെ ചെറിയ പണികൾ ചെയ്‌ത് ജീവിച്ചിരുന്ന വ്യക്തിയാണ് വിജയൻ. ബോട്ടുകളിൽ മത്സ്യബന്ധനത്തിനും പോകാറുണ്ടായിരുന്നു. ഈ കഴിഞ്ഞ തിങ്കളാഴ്‌ച ഇയാൾ മത്സ്യബന്ധനത്തിന് പോയതിനു ശേഷം മകളുടെ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞതായി സുഹൃത്ത് അറിയിച്ചു. പിന്നീട് ഇയാളെ ആരും കണ്ടിരുന്നില്ല.
ജോലി കഴിഞ്ഞാൽ വിജയന്‍ ബോട്ട് ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളിലാണ് ഉറങ്ങിയിരുന്നത്. വല്ലപ്പോഴും മാത്രമേ ഇയാൾ വീട്ടിൽ പോകാറുള്ളൂവെന്നും ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും സുഹൃത്തുക്കൾ അറിയിച്ചു. വിജയന് മദ്യപാനശീലം ഉണ്ടായിരുന്നതായും അവർ കൂട്ടിച്ചേർത്തു.
മദ്യപിച്ച ശേഷം രാത്രിയിൽ ബോട്ടിൽ ഉറങ്ങാൻ പോകവേ കാൽവഴുതി കായലിൽ വീണാകാം മരണം സംഭവിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്‌ധർ സംഭവസ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
കൊല്ലം വെസ്‌റ്റ് എസ്ഐ അനീഷിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹ പരിശോധനയ്ക്കായി ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചിയിൽ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു