തിരുവനന്തപുരം : പല തരത്തിലുള്ള ശില്‍പങ്ങൾ നമ്മളെല്ലാവരും കണ്ടിട്ടുണ്ടെങ്കിലും സൂക്ഷ്‌മ ശില്‌പങ്ങൾ കണ്ടിട്ടുള്ളവർ കുറവാണ്. അത്തരത്തിൽ സൂക്ഷ്‌മ ശില്‍പങ്ങൾ നിർമിക്കുന്ന ഒരു ശില്‍പിയുണ്ട് തിരുവനന്തപുരത്ത്. ശിൽപി ഗണേഷ് സുബ്രമണ്യന്‍റെ കരവിരുതിൽ തീർത്തത് പല്ലിമുട്ട കൊണ്ടുള്ള ആഭരണപ്പെട്ടി, പേരെഴുതിയ തലമുടിനാര്, കടുക് മണിയിലെ ദൈവം എന്നിങ്ങനെയുള്ള മനേഹരമായ സൂക്ഷ്‌മ ശില്‍പങ്ങളാണ്.
മുത്തശ്ശിക്കഥയുടെ പ്രമേയം പോലെയാണ് ഗണേഷ് സുബ്രഹ്മണ്യത്തിന്‍റെ ശില്‍പങ്ങൾ. 30ാം വയസിൽ കൗതുകത്തിന്‍റെ പേരിലാണ് സൂക്ഷ്‌മ ശില്‍പങ്ങൾ കൊത്താൻ തുടങ്ങിയത്. പൂജപ്പുരയിലെ വീടിന് സമീപം തയ്യാറാക്കിയ എക്‌സിബിഷന്‍ ഹാളില്‍ അരിമണിയിലും തലമുടി നാരിലും കടുക് മണിയിലും എന്നിങ്ങനെ സൂക്ഷ്‌മ ശില്‍പങ്ങള്‍ കൊണ്ട് അത്ഭുതം തീർക്കുകയാണ് ഗണേഷ്. സ്വർണ പണിയിൽ നിന്നും ലഭിച്ച അനുഭവ പാഠങ്ങളിൽ നിന്നാണ് ആദ്യം സൂക്ഷ്‌മ ശില്‍പങ്ങൾ കൊത്താൻ ആരംഭിക്കുന്നത്.
പരാജയപ്പെട്ട് പരാജയപ്പെട്ടാണ് വിജയവഴിയിലെത്തുന്നതെന്ന് ഗണേഷ് പറയുന്നു. മുന്‍ ഇന്ത്യന്‍ രാഷ്‌ട്രപതി എപിജെ അബ്‌ദുല്‍ കലാം മുതല്‍ മഹാനടന്‍ മോഹന്‍ലാല്‍ വരെ ഗണേഷിന്‍റെ ശില്‍പങ്ങളെ കലയുടെ പരമമായ ഭാവമെന്ന് സ്വന്തം കൈപ്പടയില്‍ കുറിച്ചത് നിധി പോലെയാണ് ഇന്നും സൂക്ഷിക്കുന്നത്. ഭൂതക്കണ്ണാടിയിലൂടെ മാത്രമെ ഗണേഷിന്‍റെ ശില്‍പങ്ങൾ കാണാനാകൂ. കഥകളും പഴഞ്ചൊല്ലുകളും ആസ്‌പദമാക്കിയ സൂക്ഷ്‌മ ശില്‍പങ്ങളും ഗണേഷിന്‍റെ കൈകളില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്.
അട്ടപ്പാടിയിൽ ആൾക്കൂട്ട വിചാരണയ്ക്കിരയായി കൊല്ലപ്പെട്ട മധുവിന്‍റെ ശില്‍പം, അരിമണിക്കുള്ളിൽ കൊത്തിവച്ച ശില്‍പവും സ്വന്തം മുടിനാരിൽ തീർത്ത മേഡ് ഇൻ ഇന്ത്യ ശില്‍പം, പല്ലി മുട്ട കൊണ്ടുള്ള ആഭരണപ്പെട്ടി, കടുക് മണി വലുപ്പത്തിലുള്ള നമ്പർ ലോക്ക് എന്നിങ്ങനെ ആരെയും ആശ്ചര്യപ്പെടുത്തുന്ന ആശയങ്ങളാണ് ഗണേഷിന്‍റെ കൈകളിൽ നിന്നും പിറവിയെടുത്തത്.
അംഗീകാരങ്ങൾ നിരവധി ലഭിച്ചിട്ടുണ്ടെങ്കിലും മുൻ തിരുവിതാംകൂർ രാജകുടുംബാംഗം ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയ്ക്കും മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിനും നൽകിയ ശില്‍പങ്ങൾ അടങ്ങിയ മോതിരമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്ന് ഗണേഷ് പറയുന്നു.