എറണാകുളം: ഇന്ത്യൻ നാവികസേനയുടെ കരുത്താകാൻ സജ്ജമായിരിക്കുകയാണ് എംഎച്ച് 60 ആർ സീഹോക്ക് മൾട്ടി റോൾ ഹെലികോപ്റ്ററുകൾ. രാജ്യത്തെ ആദ്യ എംഎച്ച് 60 ആർ സ്ക്വാഡ്രൻ കമ്മിഷനിങ്ങിനു മുന്നോടിയായുള്ള അവസാനവട്ട പരീക്ഷണങ്ങൾ കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ പുരോഗമിക്കുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ നാവിക ശക്തിയായ, ഇന്ത്യൻ നേവിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതാണ് എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററുകൾ സേനയുടെ ഭാഗമാകുന്നത്. ഫോറിൻ മിലിറ്ററി സെയിൽസ് പദ്ധതിയുടെ ഭാഗമായി യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളിൽ ആറണ്ണെമാണ് ആദ്യഘട്ടത്തിൽ ദക്ഷിണ നാവികസേനയുടെ ഭാഗമായത്.
2020 ഫെബ്രുവരിയിലാണ് അമേരിക്കയുമായി എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. രാജ്യത്തിൻ്റെ സമുദ്രാതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന ശത്രു രാജ്യത്തിൻ്റെ അന്തർവാഹിനികളെ മിനിറ്റുകൾക്കകം നശിപ്പിക്കാൻ ഈ ഹെലികോപ്റ്ററിന് കഴിയും. അതേ സമയം ശത്രു താവളത്തിൽ കടന്നു ചെന്ന് ആക്രമണം നടത്തി ഒരു പോറലും ഏൽക്കാതെ മടങ്ങിയെത്താനും ഈ ഹെലികോപ്റ്ററിന് കഴിയും.
സമുദ്രോപരിതലത്തിലെ ശത്രു രാജ്യത്തിൻ്റെ കപ്പലുകളെ പോലെ കടലിനടിയിൽ മറഞ്ഞിരിക്കുന്ന അന്തർ വാഹിനികളെയും തിരിച്ചറിഞ്ഞ് ആക്രമിക്കാൻ മിനിറ്റുകൾ മാത്രം മതിയെന്നതാണ് എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററുകളുടെ ഏറ്റവും വലിയ പ്രത്യേകത. അത്യാധുനിക എഎൽഎഫ്‌എസ് ഡിപ്പിങ് സോണാറുകളും സോണോ ബോയകളും ഉപയോഗിച്ചു സമുദ്രത്തിൽ എത്ര ആഴത്തിലൂടെ കടന്നുപോകുന്ന അന്തർവാഹിനികളെയും കണ്ടെത്തി തകർക്കാനും ഇവയ്ക്കാകുമെന്ന് എംഎച്ച് 60 ആർ ഹെലികോപ്റ്റർ സ്ക്വാഡ്രൻ കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ എം. അഭിഷേക് റാം ഇടിവി ഭാരതിനോട് പറഞ്ഞു.
യുഎസ് നിർമിതമെങ്കിലും തദ്ദേശീയമായി നിർമിച്ച അത്യാധുനിക ഉപകരണങ്ങളും ആയുധങ്ങളും ഹെലികോപ്റ്ററിൻ്റെ ഭാഗമാണ്. ഇന്ത്യൻ സാഹചര്യത്തിൻ ഈ ഹെലികോപ്റ്ററിൻ്റെ മികവ് ഇതിനകം വ്യക്തമായിട്ടുണ്ട്. പ്രവർത്തന സജ്ജമായി കമ്മീഷനിങ്ങിന് ഒരുങ്ങുന്നത് സന്തോഷകരമാണ്. എംഎച്ച് 60 ആർ ഹെലികോപ്റ്ററിൻ്റെ പ്രത്യേകതകളെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു. സമുദ്ര മേഖലയിൽ സൈനികാവശ്യങ്ങൾക്കുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെലികോപ്റ്ററാണ് എംഎച്ച് 60 ആറെന്ന് എയർ ടെക്‌നിക്കൽ ഓഫീസറായ ലഫ്റ്റനൻ്റ് കേണൽ ദീപക് കൃഷ്‌ണ പറഞ്ഞു. ഇത് ഇന്ത്യൻ സമുദ്രാതിർത്തികളിലെ ശത്രുകളുടെ വെല്ലുവിളികൾ നേരിടാൻ സഹായകമാണന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഒരു മൾട്ടി മിഷൻ ഹെലികോപ്റ്ററായ എംഎച്ച് 60 ആർ സീഹോക്കിന് പ്രവർത്തന മേഖലയിലെ ആവശ്യകതയെ ആശ്രയിച്ച് ഏത് റോളിനും ഉപയോഗിക്കാനാകും. മുൻകാലങ്ങളിൽ ഏറ്റെടുത്ത ദൗത്യങ്ങളിൽ കൃത്യതയും വൈദഗ്ധ്യവും ഈ ഹെലികോപ്റ്ററുകൾ തെളിയിച്ചിട്ടുണ്ട്. ഉപയോഗക്ഷമതയുടെ വ്യാപ്‌തി കാരണമാണ് എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററിനെ മൾട്ടി-റോൾ ഹെലികോപ്റ്റർ എന്ന് വിളിക്കുന്നത്. അന്തർവാഹിനികൾക്കെതിരായ ആക്രമണം, ശത്രുക്കളുടെ യുദ്ധക്കപ്പലുകൾക്കെതിരായ ആക്രമണം, സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ, ലോജിസ്റ്റിക് സപ്പോർട്ട്, വ്യക്തിഗത കൈമാറ്റം, മെഡിക്കൽ ഒഴിപ്പിക്കൽ എന്നിവയ്ക്ക് ഹെലികോപ്റ്ററിന് കഴിയും.
ഇതുകൂടാതെ ആകാശ കേന്ദ്രീകൃതമായ പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇലക്ട്രോണിക് യുദ്ധത്തിനും ഈ ഹെലികോപ്റ്ററിന് കഴിയും. മടക്കാവുന്ന റോട്ടറുകളും വാലും ഈ ഹെലികോപ്റ്ററിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ഈ ഹെലികോപ്റ്ററിന് ചെറിയ സ്ഥലം ഉപയോഗപ്പെടുത്തി പാർക്ക് ചെയ്യാൻ കഴിയും. അതിനാൽ ചെറിയ യുദ്ധക്കപ്പലുകളിൽ എളുപ്പത്തിൽ വിന്യസിക്കാനാകും. ഈ ഹെലികോപ്റ്ററിൻ്റെ മുൻഭാഗത്തെ ഫോർവേഡ് ലുക്കിംഗ് ഇൻഫ്രാറെഡ് സെൻസറുകൾക്ക് ഒരു വസ്‌തുവിൽ നിന്ന് പുറപ്പെടുവിക്കുന്ന താപത്തെ വൈദ്യുത സിഗ്നലുകളാക്കി മാറ്റാനും വസ്‌തുവിൻ്റെ കൃത്യമായ ചിത്രം സൃഷ്‌ടിക്കാനും കഴിയും.
ഒരു പ്രദേശത്തെ വൈദ്യുതകാന്തിക വികിരണം പരിശോധിച്ച് ഈ ഹെലികോപ്റ്ററിന് തുടർപ്രവർത്തനങ്ങൾക്കായി സജ്ജമാകാൻ കഴിയും. ഹെലികോപ്റ്ററിൻ്റെ ഗ്ലാസ് കോക്ക്പിറ്റ് ഒരു മൾട്ടി-മിഷൻ ഡിജിറ്റൽ കോക്ക്പിറ്റായതിനാൽ പകൽ കാഴ്‌ചയും രാത്രിയും കാഴ്‌ചയും ഒരു പോലെ ലഭിക്കും. ഡ്യുവൽ എംബഡഡ് ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റവും ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റവും കാരണം ഹെലികോപ്റ്ററിന് കൃത്യമായ നാവിഗേഷൻ ശേഷിയുണ്ട്. ഈ ഹെലികോപ്റ്ററിൻ്റെ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് വളരെ ശക്തമാണ്. മിസൈൽ വാണിംഗ് സിസ്റ്റം, ലേസർ വാണിംഗ് സിസ്റ്റം, ഇൻഫ്രാറെഡ് മിസൈൽ ജാമിംഗ് സിസ്റ്റം എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
ഇത്തരത്തിൽ പ്രതിരോധ രംഗത്തും യുദ്ധമുഖത്തും ഒരുപോലെ ഫലപ്രദമാണ്
എംഎച്ച് 60 ആര്‍ സീഹോക്ക് മൾട്ടി റോൾ ഹെലികോപ്റ്ററുകൾ. ഇതിനകം രാജ്യത്തെത്തിച്ച ആറെണ്ണമാണ് കമ്മിഷനിങ്ങിനു ശേഷം 'ഐഎൻഎഎസ് 334' എന്നറിയപ്പെടുന്ന ആദ്യ സ്ക്വാഡ്രന്റെ ഭാഗ മാകുന്നത്. എംഎച്ച് 60 ആർ. ഷാഫ‌്, ഫ്ലെയർ എന്നിവ അന്തരീക്ഷത്തിലേക്കു തുടരെ വർഷിച്ചു ശത്രുവിൻ്റെ റഡാറുകളെയും മിസൈലുകൾ ഉൾപ്പെടെ ലക്ഷ്യസ്ഥാനം കബളിപ്പിച്ചു സ്വയരക്ഷയ്ക്കുള്ള തന്ത്രവും ഒരുക്കുന്നു. ശത്രുവിനെ നശിപ്പിക്കാൻ 38 ലേസർ ഗൈഡഡ് റോക്കറ്റുകളും നാല് എംകെ 54 ടോർ പിഡോകളും യന്ത്രത്തോക്കുകളും തദ്ദേശ നിർമിത അണ്ടർ വാട്ടർ ബോംബുകളും ഉൾപ്പെടെയുള്ള ആയുധങ്ങളും ഹെലികോപ്റ്ററിലുണ്ട്. ഈ ആഴ്‌ച തന്നെ കൊച്ചി ഐഎൻഎസ് ഗരുഡയിൽ വെച്ച് കമ്മീഷനിംഗ് ചടങ്ങ് നടക്കുമെന്ന് നേവി അറിയിച്ചു.