ഡൽഹി : മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ കൂലി കൂട്ടി. കേന്ദ്ര സര്‍ക്കാരാണ് കൂലി വർധിപ്പിച്ച് ഉത്തരവിറക്കിയത്. കേരളത്തില്‍ 13 രൂപയാണ് ദിവസക്കൂലിയില്‍ വര്‍ധനവ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ കൂലി കൂട്ടാൻ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് കൂലി കൂട്ടി ഉത്തരവിറക്കിയത്. കേരളത്തില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കൂലി നേരത്തേ 333 രൂപയായിരുന്നു. ഇത് 13 രൂപ കൂട്ടി 346 രൂപയാക്കി. പുതുക്കിയ വേതനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുത്തുന്നതിനാണ് കമ്മിഷൻ ഗ്രാമീണ വികസന മന്ത്രാലയത്തിന് അനുമതി നൽകിയിരിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷമാണ് കൂലി വര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയത്. തെഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർധിപ്പിക്കുന്നതില്‍ അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്ന് ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാർലമെന്‍ററി സമിതി കേന്ദ്ര സര്‍ക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം വേതനം വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്.
ഗ്രാമപ്രദേശങ്ങളിൽ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴിലുറപ്പ് നൽകുന്ന പദ്ധതിയാണ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ആറു കോടി കുടുംബങ്ങൾക്ക് ഈ സാമ്പത്തിക വർഷം പദ്ധതി വഴി തൊഴിൽ ലഭിച്ചതായാണ് കണക്ക്. 36 ലക്ഷം കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിലും ലഭിച്ചു. 2005 ലെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചട്ട പ്രകാരം തൊഴിലുറപ്പ് തൊഴിലാളികൾക്ക് സംസ്ഥാനം തിരിച്ചുള്ള വേതനനിരക്ക് നിശ്ചയിക്കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്‌തമാണ്.
ബിജെപിയുടെ കരുതൽ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെന്ന് എം കെ സ്‌റ്റാലിൻ : തെരഞ്ഞെടുപ്പ് വേളയിൽ മാത്രമേ ബിജെപി ജനങ്ങളോടുള്ള പരിഗണന കാണിക്കാറുള്ളുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാരണമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ഇന്ധനവില കുറച്ചതെന്നും അദ്ദേഹം വ്യക്തമാക്കി (MK Stalin Against BJP).
തെരഞ്ഞെടുപ്പ് വേളയിൽ മാത്രമേ ബിജെപി ജനങ്ങളോട് കരുതൽ കാണിക്കൂ, ഇപ്പോൾ പെട്രോൾ - ഡീസൽ വില കുറച്ചു, ഗ്യാസ് വില പോലും കുറച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ്. മോദി സർക്കാരാണ് വില വർധിപ്പിച്ചത്, എന്നാൽ വിലക്കയറ്റവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന രീതിയില്‍ അവർ അഭിനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.