വയനാട് : "രാത്രിയെ കുട്ടികൾക്ക് ഇപ്പോഴും ഭയമാണ്, നഷ്‌ടപ്പെട്ടതൊന്നും അവർ ഇപ്പോഴും അറിഞ്ഞിട്ടില്ല" മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുകയാണ് സൈക്യാട്രിസ്‌റ്റ് ഡോ.മനു മൻജിത്ത്. ഒന്നോ രണ്ടോ മാസം കൊണ്ടൊന്നും കുട്ടികളുടെ മാനസികാവസ്ഥ ശരിയാക്കാൻ കഴിയില്ല.പതുക്കെ മാത്രമേ സാധിക്കു. ഷോക്കിൽ നിന്നും ആരും മോചിതർ ആയിട്ടില്ല.
കുറച്ചു കാലത്തേക്ക് കൗൺസിലിംഗ് നടത്തികൊണ്ടിരിക്കണമെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ നിരവധി പേരുണ്ട്. ഇവിടെ നിന്നും പോയാൽ ഒറ്റപ്പെട്ടു എന്ന അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. അവരെ നിരന്തരം ചേർത്തു പിടിക്കണം.
കുട്ടികൾ ദുരന്ത സമയത്ത് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ പറയുന്നുണ്ട്. വെള്ളാർമലയിലെ പുഴയെ കുറിച്ചും സ്‌കൂളിനെ കുറിച്ചും വാ തോരാതെ സംസാരിക്കുന്നു.
അതൊന്നും ഇനി ഇല്ലാ എന്നു തിരിച്ചറിയുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ഉണ്ടാകും. പലരും പല മാനസികാവസ്ഥയിൽ ആണ്. സ്‌കൂളുകളെ കുറിച്ചും ടീച്ചർമാരെ കുറിച്ചും വീട്ടിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ചും ആശങ്കപെടുന്നവർ ഉണ്ട്. പലരും രാത്രിയിൽ ഉറങ്ങാറില്ല. ചിലപ്പോൾ ഞെട്ടി ഉണരും.
ഞങ്ങൾ അങ്ങോട്ട് ഒന്നും ചോദിക്കാതെ കാര്യങ്ങൾ അറിയാനാണ് ശ്രമിക്കുന്നത്. ഇതൊക്കെയാണ് ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളത്. കുട്ടികൾ മാത്രമല്ല മാനസികമായി തളർന്ന നിരവധിപ്പേരുണ്ട് ക്യാമ്പിൽ. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്‌ടപ്പെട്ടവരാണ് അവർ. നടുക്കത്തിൽ നിന്നും ആരും ഇതുവരെ മോചിതരായിട്ടില്ല.ഇപ്പോൾ അവർക്ക് എന്താണ് ആവശ്യം അത് ചെയ്‌തു കൊടുക്കുക എന്നതാണ് നമ്മൾ ചെയ്യുന്നത്.