കോഴിക്കോട് : മെഡിക്കൽ കോളജിലെ മരുന്ന് പ്രതിസന്ധി ഇന്നും മാറ്റമില്ലാതെ തുടരുന്നു. വിതരണക്കാര്‍ മരുന്ന് എത്തിക്കുന്നത്
നിർത്തിവച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആശുപത്രിയിലെ രോഗികൾക്ക് ആവശ്യമുള്ള മരുന്ന് ന്യായവില ഷോപ്പുകളിൽ ലഭിക്കാതെ വന്നതോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെയാണ് രോഗികൾ ആശ്രയിക്കുന്നത്.
വൻ വില കൊടുത്താണ് ഓരോ മരുന്നുകളും രോഗികൾക്ക് ഇപ്പോൾ പുറത്തുനിന്നും വാങ്ങേണ്ടി വരുന്നത്. പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളജിൻ്റെ എല്ലാ വിഭാഗങ്ങളിലും മരുന്ന് പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. അവശ്യ മരുന്നുകൾക്ക് പുറമെ ജീവൻ രക്ഷാ ഉപകരണങ്ങൾക്കും ഇപ്പോൾ ക്ഷാമം നേരിടുന്നുണ്ട്. മിക്ക മരുന്നുകളും പുറത്തുനിന്ന് വാങ്ങി നൽകിയെങ്കിൽ മാത്രമേ രോഗികൾക്ക് ചികിത്സ ലഭിക്കൂ എന്ന അവസ്ഥകൂടി മെഡിക്കൽ കോളജിൽ നിലവിലുണ്ട്.
മെഡിക്കൽ കോളജിലെ പ്രശ്‌നം ഗുരുതരമായി തുടർന്നിട്ടും ഇതുവരെ പരിഹാര നടപടികൾ എടുക്കാത്തത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നേരത്തെ ജില്ല കലക്‌ടറെ മരുന്നുവിതരണക്കാർ അങ്ങോട്ടുചെന്ന് കണ്ട് ചർച്ച നടത്തി എന്നതല്ലാതെ പ്രശ്‌ന പരിഹാരത്തിന് സത്വരമായ യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ സംഘടനകളും പ്രശ്‌നം ചർച്ചയാക്കാൻ തുടങ്ങിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിലേക്ക് മാർച്ചും സമരങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പ്രശ്‌നം പരിഹരിക്കുന്നതിന് മെഡിക്കൽ കോളജ് സൂപ്രണ്ട് തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് മരുന്നുവിതരണ കച്ചവടക്കാരുടെ സംഘടന പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഈ ചർച്ചയിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം തന്നെ നിലയ്ക്കുന്ന അവസ്ഥയിലേക്ക് മാറാൻ ഇടയാക്കും.