തിരുവന്തപുരം: ചികിത്സ പിഴവിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കാട്ടാക്കട മച്ചിയിൽ സ്വദേശി കൃഷ്‌ണ തങ്കപ്പൻ (27) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൂത്രാശയത്തിലെ കല്ലിന്‍റെ ചികിത്സക്ക് കഴിഞ്ഞ തിങ്കളാഴ്‌ച നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയതായിരുന്നു കൃഷ്‌ണ.
ഇവിടെവച്ച് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യുവതിയുടെ ആരോഗ്യസ്ഥിതി വഷളായത്. മരുന്നിന് അലർജിയുള്ള കൃഷ്‌ണയ്ക്ക് മുൻകരുതലുകൾ എടുക്കാതെ കുത്തിവെപ്പ് എടുത്തു എന്നാണ് ബന്ധുക്കളുടെ ആരോപണം.
ബോധരഹിതയായ യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിൽ കഴിയുകയായിരുന്ന കൃഷ്‌ണ ഇന്ന് (21 ജൂലൈ) രാവിലെ ആണ് മരണത്തിന് കീഴടങ്ങിയത്.
മരിച്ച യുവതിയുടെ ഭർത്താവ് നെയ്യാറ്റിൻകര ജില്ല ആശുപത്രിയിലെ സർജനെതിരെ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കുത്തിവെപ്പ് എടുത്തിട്ടില്ല എന്നും ആശുപത്രിയിലെത്തിയ കൃഷ്‌ണ ഇൻഹേലർ ഉപയോഗിച്ചതിനെ തുടർന്നാണ് അബോധാവസ്ഥയിൽ ആയത് എന്നുമാണ് ഡോക്‌ടറുടെ വിശദീകരണം. ചികിത്സ പിഴവിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read : അപ്പൻഡിക്‌സ് ശസ്ത്രക്രിയയ്‌ക്കിടെ രക്തക്കുഴലിൽ മുറിവ്; രോഗി മരിച്ച സംഭവത്തിൽ ഡോക്‌ടർ അറസ്റ്റിൽ