ഇടുക്കി : ചിന്നക്കനാല്‍ പുറമ്പോക്ക് ഭൂമി വിഷയത്തില്‍ മാത്യു കുഴൽനാടൻ എംഎല്‍എയ്‌ക്ക് എതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ചിന്നക്കനാലിലെ മാത്യു കുഴൽനാടന്‍റെ റിസോർട്ടുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തുന്ന അന്വേഷണത്തെ തുടർന്നാണ് കൈയ്യേറ്റം കണ്ടെത്തിയത്. മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള ഒരേക്കർ 23 സെന്‍റ് ഭൂമിയ്‌ക്കൊപ്പം അര ഏക്കർ സർക്കാർ ഭൂമി കൂടി കൈവശം വച്ചിരിക്കുന്നതയാണ് കണ്ടെത്തൽ.
ഇത് റവന്യൂ വകുപ്പ് ശരിവയ്ക്കുകയും ഉടുമ്പൻചോല തഹസീൽദാർ ഇടുക്കി ജില്ലാ കളക്‌ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് ഭൂമി തിരിച്ചു പിടിക്കാൻ നടപടികൾ ആരംഭിക്കുകയും റിപ്പോർട്ട് സമർപ്പിക്കാൻ ചിന്നക്കനാൽ വില്ലേജിന് നിർദേശം നൽകുകയും ചെയ്‌തിരുന്നു.
നടപടിക്രമങ്ങളുടെ തുടർച്ചയായാണ് ഭൂ സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. കയ്യേറ്റം ഒഴിപ്പിക്കാതിരിക്കുവാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസും നൽകി.വില്ലേജ് ഓഫീസർ ചിന്നക്കനാലിയിലെ റിസോർട്ടിൽ നേരിട്ട് എത്തിയാണ് നോട്ടീസ് നൽകിയത്. ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടീസ് നൽകിയതെന്നാണ് സൂചന.