ഇടുക്കി: ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന്‍റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സിന്‍റെ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കനാല്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ.
തനിക്കെതിരെയുള്ള ഈ ആരോപണത്തില്‍ ആഴത്തില്‍ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇനിയും അന്വേഷണങ്ങള്‍ നടക്കണം. അന്വേഷണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ സ്ഥലം വാങ്ങിയതിന് ശേഷം സ്ഥലം അളന്നിട്ടില്ല. ഇതുവരെയും അത് അളന്നിട്ടില്ല (Mathew kuzhalnadan MLA).
സുഹൃത്തില്‍ നിന്നാണ് സ്ഥലം വാങ്ങിയത് അതുകൊണ്ട് വിശ്വാസമുണ്ടായിരുന്നു. അളവില്‍ കവിഞ്ഞ സ്ഥലം നിങ്ങളുടെ പേരിലുണ്ടെന്ന കാര്യം അറിയാമോയെന്ന് അന്വേഷണ സംഘം തന്നോട് ചോദിച്ചുവെന്നും എന്നാല്‍ താന്‍ ഇതുവരെയും സ്ഥലം അളന്ന് നോക്കിയിട്ടില്ലെന്നും മറുപടി നല്‍കിയെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.
ആധാരത്തില്‍ സൂചിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ സ്ഥലം ഉണ്ടോയെന്നത് തനിക്കറിയില്ല. അളന്ന് നോക്കിയിട്ട് കൂടുതലുണ്ടെങ്കില്‍ അതിന് അനുസരിച്ച് മുന്നോട്ട് പോകും. കെട്ടിടത്തിന്‍റെ മൂല്യം കണക്കാക്കാതിരുന്നത് കെട്ടിട നമ്പര്‍ ഇല്ലാത്തതിനാലാണ്. രജിസ്‌ട്രേഷന്‍ സമയത്ത് ഈ കെട്ടിടം കാണിക്കാതിരുന്നത് ഇതുകാരണമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വിജിലന്‍സിന്‍റെ അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു (Chinnakanal Land Transaction Case).
എംഎല്‍എക്കെതിരെയുള്ള കേസ്: ചിന്നക്കനാലിലെ ഭൂമി ഇടപാടിലാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഗുരുതര കണ്ടെത്തലുമായി വിജിലന്‍സ് രംഗത്തെത്തിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് എംഎല്‍എ മതില്‍ നിര്‍മിച്ചിരിക്കുന്നതെന്നും വിജിലന്‍സ് ആരോപിക്കുന്നു. ഭൂമി രജിസ്ട്രേഷനിലും 2008ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലം പോക്കുവരവ് ചെയ്‌തതിലും ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
എന്നാല്‍ മിച്ചയുമായി ന്ധപ്പെട്ട ക്രമക്കേടിൽ കുഴൽനാടന് പങ്കുണ്ടെന്നതിൽ യാതൊരു തെളിവുകളുമില്ല. മിച്ചഭൂമിയായ 50 സെന്‍റ് തിരികെ പിടിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യാനാണ് വിജിലൻസിന്‍റെ നീക്കം.
മൊഴി രേഖപ്പെടുത്തി വിജിലന്‍സ്: തൊടുപുഴ മുട്ടത്തുള്ള ഓഫിസിൽ വിളിച്ചുവരുത്തിയാണ് വിജിലൻസ് മാത്യു കുഴൽനാടന്‍ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിലും പ്രമാണത്തിലും നൽകിയിരിക്കുന്ന തുകയിലെ വ്യത്യാസം സംബന്ധിച്ചാണ് വിജിലൻസ് കാര്യങ്ങള്‍ തിരക്കിയത്. ഏതെങ്കിലും രീതിയിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരങ്ങളും വിജിലൻസ് തേടിയിരുന്നു.
1 കോടി 92 ലക്ഷം രൂപ ആധാരത്തിൽ കാണിച്ച വസ്‌തുവിന് നാമനിർദേശത്തിനൊപ്പം നൽകിയ സത്യവാങ്‌മൂലത്തിൽ മാത്യുവിൻ്റെ പങ്കായി മൂന്നര കോടി രൂപയാണ് കാണിച്ചിരിക്കുന്നതെന്നും ഏഴ് കോടി മതിപ്പ് വിലയുണ്ടായിട്ടും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടക്കാതെ ഖജനാവിന് നഷ്‌ടം വരുത്തിയെന്നുമുള്ള പരാതിയിലാണ് പ്രാഥമിക മൊഴിയെടുക്കൽ നടന്നത്.