എറണാകുളം: മസാല ബോണ്ട് കേസിലെ ഇഡിയുടെ രേഖകൾ പരിശോധിച്ചതിൽ ചില ഇടപാടുകളിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം ആവശ്യമാണെന്ന് ഹൈക്കോടതി. എന്നാൽ സ്ഥാനാർത്ഥിയായതിനാൽ തെരഞ്ഞെടുപ്പ് സമയത്ത് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യണമെന്ന് നിർബന്ധമില്ലെന്ന് ഇഡിയും കോടതിയെ അറിയിച്ചിരുന്നു.
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഒരേ സമയം കുരുക്കും, ആശ്വാസവുമാണ് ഇന്നത്തെ ഹൈക്കോടതി ഇടപെടൽ. മസാല ബോണ്ട് ഇടപാടിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നതിന്‍റെ അടിസ്ഥാനത്തിൽ ഇഡി ഇന്ന് ചില രേഖകൾ ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു.
ഈ രേഖകൾ പരിശോധിച്ചു കൊണ്ട് മസാല ബോണ്ടിലെ ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്‍റെ വിശദീകരണം ആവശ്യമാണ്. എന്നാലിത് ഐസക്കിനെ വിളിച്ചുവരുത്തി വേണമോ രേഖാമൂലം മതിയോയെന്ന് ഇഡിക്ക് തീരുമാനിക്കാമെന്നുമാണ് കോടതി നിരീക്ഷിച്ചത്.
മസാല ബോണ്ട് ഇടപാടിൽ കിഫ്ബി നൽകിയതിനപ്പുറം ഒന്നും തനിക്ക് പറയാനില്ലെന്ന ഇഡി സമൻസിൽ ഐസക്ക് ഇതുവരെ സ്വീകരിച്ചു പോന്ന നിലപാടിന് തിരിച്ചടിയാകുന്നതാണ് കോടതി നിരീക്ഷണം. എന്നാൽ സ്ഥാനാർത്ഥിയായതിനാൽ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന ഹൈക്കോടതിയുടെ നിലപാട് ഐസക്കിന് ആശ്വാസം നൽകുന്നുമുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യണമെന്ന് നിർബന്ധമില്ലെന്നും ഹാജരാകാനുള്ള ഒരു തീയതി ഐസക്ക് അറിയിക്കണമെന്നും ഇഡി ആവശ്യപ്പെട്ടെങ്കിലും, ഇക്കാര്യം താൻ നിർദേശിക്കുന്നില്ലെന്നായിരുന്നു ജസ്‌റ്റിസ് ടി ആർ രവിയുടെ മറുപടി. തുടർന്ന് ഇഡി സമൻസിനെതിരായ ഐസക്കിൻ്റെയും കിഫ്ബിയുടെയും ഹർജികൾ മെയ് 22 ന് പരിഗണിക്കാനായി മാറ്റി.