കോട്ടയം : പാലാ നെച്ചിപ്പുഴൂർ ദേവിവിലാസം എൽപി സ്‌കൂളിലെ കുട്ടികൾ ഇത്തവണ പൂക്കളമിടുന്നത് സ്വന്തമായി കൃഷി ചെയ്‌ത പൂക്കൾ കൊണ്ടാണ്. സ്‌കൂൾ വളപ്പിൽ കുട്ടികൾ നട്ടു വളർത്തിയ ചെണ്ടുമല്ലി പൂക്കൾ വിടർന്നു കഴിഞ്ഞു. ഇനി ഉടൻ വിളവെടുപ്പ് നടത്താമെന്ന ആഹ്ലാദത്തിലാണ് അധ്യാപകരും കുട്ടികളും.
സ്‌കൂളിന് സമീപം ചെണ്ടുമല്ലി പൂക്കൾ വിടർന്നു നിൽക്കുന്ന കാഴ്‌ച കണ്ണിനെ കുളിരണിയിപ്പിക്കുന്നു. കുട്ടികളും അധ്യാപകരും ചേർന്ന് നട്ട് നനച് പരിപാലിച്ച ചെടികളാണ് വളർന്നു പൂവിട്ടു നിൽക്കുന്നത്. സ്‌കൂൾ വളപ്പിൽ പച്ചക്കറി കൃഷിയ്ക്ക് പകരം ഇത്തവണ പൂകൃഷിയാണ് പരീക്ഷിച്ചത്. അത് വിജയമാകുകയും ചെയ്‌തു.
ഇടനാട് സഹകരണ ബാങ്കാണ് ചെണ്ടുമല്ലി തൈകൾ സൗജന്യമായി എത്തിച്ചു കൊടുത്തത്. അഞ്ഞൂറ് ചുവടോളം തൈകളാണ് നട്ടത്. ഇതിൽ മുന്നൂറിൽ പരം എണ്ണമാണ് ഇപ്പോൾ പൂവിട്ടു നിൽക്കുന്നത്. ബാക്കിയുള്ളവയിലും മൊട്ടുകൾ വിരിഞ്ഞു കഴിഞ്ഞു. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ഇവയും പൂവിടും.
ഓണത്തോടനുബന്ധിച്ച് പൂക്കളുടെ വിളവെടുപ്പ് നടക്കും. പൂ ചെടികൾ നനയ്ക്കുവാനും പരിപാലിക്കുവാനും കുട്ടികളും ചേർന്നു. സ്‌കൂളിലെ പൂകൃഷി നടത്തിയത് ഏറെ സന്തോഷം നൽകിയെന്നു വിദ്യാർഥി അലൻ സിജോ പറഞ്ഞു. സ്‌കൂളിലെ ഓണാഘോഷത്തിന് ഈ പൂക്കൾ കൊണ്ട് പൂക്കളം തീർക്കും. മിച്ചം വരുന്ന പൂക്കൾ മറ്റ് സ്‌കൂളുകൾക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
Also Read : ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി വസന്തം; പൂത്തുലഞ്ഞ് പന്തീരാങ്കാവിലെ കൃഷിയിടം