കണ്ണൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനമുള്ള നാടാണ് കണ്ണൂരിലെ കുഞ്ഞിമംഗലവും പഴയങ്ങാടിയും. പ്രകൃതി സുന്ദരമായ ഭൂമികയ്‌ക്കും പുഴയ്‌ക്കും ചുറ്റും വളർന്ന് പന്തലിച്ച കണ്ടൽ കാടുകൾ പുഴയുടെ മനോഹാരിത ഇരട്ടിയാക്കുന്നു. മണ്‍ മറഞ്ഞുപോയ കല്ലേൻ പൊക്കുടൻ ഉൾപ്പടെ നിരവധി പേരുടെ ഓർമകളോടാണ് കണ്ടലിന്‍റെ പ്രാധാന്യം വരും തലമുറയെ ബോധ്യപ്പെടുത്തുന്നതിൽ ഒരു തലമുറ ഇന്നും കടപ്പെട്ടിരിക്കുന്നത്. ഇന്നും അതിന്‍റെ പൈതൃകം പേറുന്ന ഒരാളാണ് പഴയങ്ങാടി സ്വദേശി പാറയിൽ രാജൻ.
ഇടതടവില്ലാതെ ജനകീയ സമരങ്ങളും നിയമ പോരാട്ടങ്ങളുമായി കണ്ടലിനെ സംരക്ഷിച്ചു നിർത്തുകയാണ് പാറയിൽ രാജൻ ഉൾപ്പടെയുള്ള ഇവിടുത്തെ ജനങ്ങൾ. സംസ്ഥാനത്ത് ആകെയുള്ള 17 ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാടുകളിൽ 8.08 ശതമാനവും കുഞ്ഞിമംഗലത്താണ്. 1.374 കിലോമീറ്റർ ചതുപ്പുകളിൽ കണ്ടലുകൾ വളർന്നു കിടക്കുന്നു. കണ്ടൽവന സംരക്ഷണത്തിന് നിരവധി പദ്ധതികളാണ് ഇപ്പോഴും ഇവിടെ നടക്കുന്നത്.
1998ൽ മൂന്നേക്കറും 3 സെന്‍റും കണ്ടൽക്കാടുകൾ വിലകൊടുത്ത് പരിസ്ഥിതി പ്രവർത്തകർ വാങ്ങുകയായിരുന്നു. തുടർന്ന് പരിസ്ഥിതി സംഘടനയായ സീക്ക് തൊട്ടടുത്ത തന്നെയുള്ള 4 ഏക്കർ കണ്ടൽക്കാടുകളും വിലകൊടുത്ത് വാങ്ങി. 2003ൽ WTI എന്ന സംഘടനയും കണ്ടൽക്കാടുകൾ വില കൊടുത്തുവാങ്ങി സംരക്ഷിക്കാൻ മുന്നോട്ടുവന്നു. 2023 ആയപ്പോൾ 43 കണ്ടൽ കാടുകൾ സംരക്ഷിത വനമായി മാറി. 2023 ആയപ്പോൾ 43 ഏക്കറോളം കണ്ടൽക്കാടുകൾ സംരക്ഷിത വനമായി മാറുകയും ചെയ്‌തും.
കണ്ടൽക്കാടുകൾക്ക് നേരെയുള്ള കയ്യേറ്റങ്ങളാണ് ഇന്ന് കാടിന്‍റെ വളർച്ചയ്ക്ക് ഭീഷണിയാകുന്നത്. തീരദേശ നിയമങ്ങൾ വ്യാപകമായി കാറ്റിൽ പറത്തിക്കൊണ്ട് കണ്ടൽക്കാടുകൾ നശിപ്പിച്ചും തണ്ണീർ തടങ്ങൾ നികത്തിയും ഇവിടെ നടത്തുന്ന പ്രവർത്തനങ്ങൾ തുടർ സംഭവങ്ങളാണ്. വളർന്നുയരുന്ന കണ്ടൽവേരുകൾക്കിടയിലേക്ക് മാലിന്യം വലിച്ചെറിയുന്ന അതിഗുരുതരമായ പ്രവർത്തികൾ മലയാളികൾ തുടർന്നു കൊണ്ടേയിരിക്കുന്നു. പരിസ്ഥിതി പ്രവർത്തകരുടെ ചെറുത്തുനിൽപ്പ് കൊണ്ടാണ് ഒരു പരിധിവരെ ഇവ തടയുന്നത്.
ജില്ലയിൽ മാത്രം 300ലധികം ഉള്ള കണ്ടൽക്കാടുകൾ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതാണ്. ഇത് മറ്റ് മാർഗങ്ങൾക്ക് വേണ്ടി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. പ്രതിഷേധം കനത്തതോടെ ഈ ഭൂമി സർക്കാരിന് നൽകാൻ ഉടമകൾ മുന്നോട്ടുവന്നു. എന്നാൽ സർക്കാറിന്‍റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ല. ഇത്തരം ഭൂമി സർക്കാർ ഏറ്റെടുക്കണം എന്നാണ് പാറയിൽ രാജൻ ഉൾപ്പടെയുള്ള കണ്ടൽ സംരക്ഷകരുടെ വാദം.
നിലവിലുള്ള കണ്ടൽക്കാടുകളുടെ സിംഹഭാഗവും സ്വകാര്യമേഖലയായതിനാൽ വെട്ടി നശിപ്പിക്കാനും തണ്ണീർത്തടങ്ങൾ നികത്താനും സാധ്യതയുണ്ട്. കയ്യേറ്റങ്ങൾ തടയാനുള്ള ഫലപ്രദമായ വഴി വ്യക്തികളുടെ കൈവശമുള്ളവ വിലകൊടുത്തു വാങ്ങി സംരക്ഷിക്കുക എന്നതാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.