തിരുവനന്തപുരം: വന്ധ്യത ചികിത്സയ്ക്ക് പ്രേരിപ്പിച്ച ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വാമനപുരം അടപ്പുപാറ സ്വദേശിനി ലതയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് ജയരാജിന് ശിക്ഷ വിധിച്ചത്. നാലാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി ആജ് സുദര്‍ശനന്‍ ആണ് പ്രതിയ്‌ക്ക് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതി പിഴ ഒടുക്കിയാല്‍ ലതയുടെ മാതാപിതാക്കളായ ലളിതയ്ക്കും രാഘവനും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഒന്നാം പ്രതി ജയരാജന്‍റെ മാതാപിതാക്കളായ ജ്ഞാനശീലനും സുമംഗലയും. ഇവരെ കോടതി വെറുതെ വിട്ടു. 2012 ഏപ്രില്‍ 23 ന് പുലര്‍ച്ചെ 5.30ഓടെയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
2009ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങളായിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഉണ്ടാകാത്തത് ഭർത്താവിന്‍റെ കുഴപ്പം കൊണ്ടാണെന്നും, വന്ധ്യത ചികിത്സയ്ക്ക് വിധേയനാകണമെന്നും കൊല്ലപ്പെട്ട ലത ജയരാജിനോട് നിരന്തരം പറഞ്ഞിരുന്നു. ഇതേ തുടർന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവം ഇങ്ങനെ: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് ഒന്നാം പ്രതിയായ ജയരാജൻ. സംഭവ ദിവസം പുലർച്ചെ ലതയെ കൂട്ടിയാണ് ഇയാൾ ടാപ്പിംഗിന് പോയത്. തുടർന്ന് ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാൾ തന്നെയാണ് പിന്നീട് ലതയുടെ ശരീരം റബ്ബര്‍ തോട്ടത്തിൽ നിന്നും വീട്ടുമുറ്റത്ത് എത്തിച്ചത്.
വീട്ടിലെത്തുമ്പോഴേക്കും രക്തം വാര്‍ന്ന് ലത അബോധാവസ്ഥയില്‍ ആയിരുന്നു. രക്തം വാര്‍ന്ന് ലത അബോധാവസ്ഥയില്‍ ആകുന്നത് വരെ താൻ അവിടെ കാത്തുനിന്നതായാണ് പ്രതിയുടെ മൊഴി. തുടർന്ന് പ്രതി രണ്ടും മൂന്നും പ്രതികളായ തന്‍റെ മാതാപിതാക്കളുടെ സഹായത്തോടെ വെളളം ഉപയോഗിച്ച് ലതയുടെ ശരീരം കഴുകി. പെന്തക്കോസ് വിശ്വാസികളായ പ്രതിയും വീട്ടുകാരും ലതക്ക് ചുറ്റം പ്രാര്‍ത്ഥനയുമായി ഇരുന്നു. പിന്നീടാണ് നാട്ടുകാർ വിവരമറിയുന്നത്. വിവരമറിഞ്ഞെത്തിയ അയൽവാസികൾ ലതയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.