എറണാകുളം : വടക്കൻ പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വയോധികൻ ആത്മഹത്യ ചെയ്‌ത നിലയില്‍. പറവൂർ സ്വദേശി സെബാസ്റ്റ്യനാണ് (64) മകൻ സിനോജിൻ്റ ഭാര്യ ഷാനുവിനെ (33) കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്‌തത്. ഇന്ന് (മാര്‍ച്ച് 21) രാവിലെ 10.30 ഓടെയാണ് സംഭവം.
വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് സെബാസ്റ്റ്യന്‍ ഷാനുവിനെ കൊലപ്പെടുത്തിയത്. പിതാവിന്‍റെ ആക്രമണത്തില്‍ കഴുത്തില്‍ ഗുരുതര പരിക്കേറ്റ ഷാനു അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനുവിനെ അയൽവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെയാണ് സെബാസ്റ്റ്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബ വഴക്കാണ് കൊലപാതകത്തിനും തുടര്‍ന്നുള്ള ആത്മഹത്യയ്‌ക്കും കാരണമെന്നാണ് നിഗമനം. വീട്ടിൽ മറ്റാരുമില്ലാത്ത സമയം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് വിലയിരുത്തല്‍. ഇരുവരുടെയും മൃതശരീരം പറവൂരിലെ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകും. ഏതാനും വർഷങ്ങളായി സെബാസ്റ്റ്യൻ്റെ കുടുംബം കൊച്ചങ്ങാടിയിലാണ് താമസം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു ; പതിനാലുകാരന്‍ പിടിയില്‍