മലപ്പുറം: വണ്ടൂരില്‍ നിപ ബാധിച്ച് മരിച്ച യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 120 ആയി. പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിരുവാലി പിഎച്ച്‌സിയില്‍ യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഓൺലൈനിലൂടെ യോഗത്തില്‍ പങ്കെടുത്തു.
സെപ്റ്റംബർ 9നാണ് പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ച് യുവാവ് മരിച്ചത്. വെള്ളിയാഴ്‌ചയാണ് സാമ്പിൾ മെഡിക്കൽ കോളജിൽ എത്തിച്ചത്. മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരുന്നു.