കണ്ണൂര്‍ : പുതുച്ചേരി സര്‍ക്കാരിന് കായിക മേഖലയോടുള്ള അവഗണനയുടെ ഉദാഹരണമാവുകയാണ് മാഹി ഇന്‍ഡോര്‍ സ്‌റ്റേഡിയം. 2012-ല്‍ ഉദ്ഘാടനം ചെയ്‌ത മാഹി ഇന്‍ഡോര്‍ സ്‌റ്റേഡിയം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. നിര്‍മാണത്തിലെ ഭംഗി കൊണ്ടും സൗകര്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ഈ സ്‌റ്റേഡിയം.
250 ഓളം വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഈ സ്‌റ്റേഡിയം ഇന്ന് ഉപയോഗിച്ച് വരുന്നുണ്ട്. ഇത്രയും പേര്‍ ഉപയോഗിക്കുന്ന സ്‌റ്റേഡിയത്തില്‍ സ്ഥിരം ശുചീകരണ തൊഴിലാളികളോ വാച്ച്മാന്‍മാരോ ഉദ്യോഗസ്ഥരോ ഇല്ല. വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുളള ബാലഭവനിലെ രണ്ട് അധ്യാപകരാണ് സ്റ്റേഡിയം തുറക്കുന്നതും ശുചീകരണ പ്രവൃത്തികള്‍ ചെയ്യുന്നതും.
പെണ്‍കുട്ടികള്‍ അടക്കമുളള വിദ്യാര്‍ഥികള്‍ പ്രാക്‌ടീസിനായി ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ ശുചിമുറികളോ വെളിച്ചമോ വൃത്തിയോ ഇല്ല. പല വൈദ്യുത ഉപകരണങ്ങളും തകര്‍ന്ന് പ്രവര്‍ത്തന രഹിതമായി. അപകടകരമായ നിലയിലാണ് വൈദ്യുത സ്വിച്ചുകളുള്ളത്.
പണം അടച്ച് കളിക്കാന്‍ എത്തുന്നവര്‍ക്ക് വേണ്ടത്ര ഇരിപ്പിടമോ മറ്റ് സൗകര്യമോ ഇല്ല. ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമാണ്. സ്റ്റേഡിയത്തിന് പുറത്തും കവാടത്തിലും വെളിച്ചമില്ലാത്തതിനാല്‍ കളിക്കാന്‍ വരുന്നവര്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കേണ്ടി വരുന്നു. സ്‌റ്റേഡിയത്തിന് പുറത്തുള്ള ഫുഡ്‌ബോള്‍ ഗ്രൗണ്ട് കാട് മൂടികിടക്കുകയാണ്.
സ്‌റ്റേഡിയത്തിലെ കളിസ്ഥലം മാത്രമാണ് വലിയ ആഘാതം നേരിടാത്ത നിലയിലുള്ളത്. ആര്‍പ്പുവിളിയും ആരവങ്ങളും മുഴങ്ങേണ്ട ഈ സ്റ്റേഡിയത്തില്‍ കായിക താരങ്ങള്‍ക്കുളള വിശ്രമ മുറികളടക്കം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്.
2012 ല്‍ കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അജയ് മാക്കനാണ് സ്‌റ്റേഡിയത്തിന്‍റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്. മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും കായിക വളര്‍ച്ചക്ക് വിനിയോഗിക്കാന്‍ പര്യാപ്‌തമാണ് ഈ കളിക്കളമെന്നാണ് ഉദ്‌ഘാടന വേളയില്‍ കേന്ദ്രമന്ത്രി പറഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
12.262 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച സ്റ്റേഡിയം 2015 ല്‍ പോണ്ടിച്ചേരി സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പരിപാലനങ്ങളില്ലാതെ പത്ത് വര്‍ഷം കടന്നുപോയി. സ്‌റ്റേഡിയം എയര്‍ കണ്ടീഷന്‍ ചെയ്യുമെന്നായിരുന്നു ഉദ്‌ഘാടന സമയത്തെ വാഗ്‌ദാനം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് പാലിച്ചില്ല.
ലോക്കല്‍ സ്‌പോട്‌സ് മാനേജ്‌മെന്‍റ് കമ്മിറ്റിക്കാണ് ഇപ്പോഴത്തെ നടത്തിപ്പ് ചുമതല. എന്നാല്‍ ഫണ്ടില്ലാത്തതിനാല്‍ സ്റ്റേഡിയത്തിന്‍റെ സംരക്ഷണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. വോളിബോള്‍ കോര്‍ട്ട് , ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, നാല് ഷട്ടില്‍ ബാഡ്‌മിന്‍റണ്‍ കോര്‍ട്ട്, മൂന്ന് ടേബിള്‍ ടെന്നീസ് കോര്‍ട്ട്, 750 പേര്‍ക്ക് ഇരിക്കാനുള്ള ഗാലറി സൗകര്യം എന്നിവയും ഇവിടെയുണ്ട്. അടിയന്തരമായും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സ്റ്റേഡിയത്തെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.
Also Read: മാഹി പെരുന്നാളിന് കൊടിയേറി; ഇനി ആഘോഷത്തിൻ്റെ രാവുകൾ