വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പരിസ്ഥിതി പ്രവര്‍ത്തകൻ ഡോ. മാധവ് ഗാഡ്‌ഗിൽ. പ്രകൃതി സംരക്ഷണ സമിതി കല്‍പ്പറ്റയില്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് മാധവ് ഗാഡ്‌ഗില്‍ നിര്‍ദേശങ്ങള്‍ പങ്കുവച്ചത്. കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തെയും പരിസ്ഥിതി ചൂഷണത്തെയും അദ്ദേഹം വിമര്‍ശിച്ചു.
വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കായി 25,000 രൂപ നല്‍കുമെന്നും മാധവ് ഗാഡ്‌ഗിൽ അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് ഗാഡ്‌ഗില്‍ പറഞ്ഞു. പുനരധിവാസം എന്നത് എളുപ്പം ചെയ്യാന്‍ കഴിയുന്ന കാര്യമല്ലെന്നും ഗാഡ്‌ഗില്‍ പറഞ്ഞു. മഹാരാഷ്ട്രയിൽ അടക്കം മുമ്പുണ്ടായ ഇത്തരം പ്രകൃതി ദുരന്തങ്ങളിൽ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ക്വാറികളിൽ 85 ശതമാനവും അനധികൃതമാണ്. എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളും ഇല്ല. കേരളത്തില്‍ മൈനിങ് ജോലികൾ തദ്ദേശീയരെ ഏല്‍പ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം എന്ന നിര്‍ദേശം ഗാഡ്‌ഗില്‍ മുന്നോട്ടുവച്ചു. മഹാരാഷ്‌ട്രയില്‍ സ്‌ത്രീകള്‍ ക്വാറികളുടെ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍ ക്വാറികള്‍ കുടുംബശ്രീകളെ ഏല്‍പ്പിക്കണം എന്ന് ഗാഡ്‌ഗില്‍ പറഞ്ഞത്.
വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്‌ടിക്കുകയാണ്. വയനാട്ടില്‍ ഉള്‍പ്പെടെ ഇതിന്‍റെ ആഘാതമുണ്ട്. അതിനാല്‍ ടൂറിസം മേഖലയില്‍ 'ഹോം സ്റ്റേ' സംവിധാനത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കണം എന്ന നിര്‍ദേശവും ഗാഡ്‌ഗില്‍ മുന്നോട്ടുവച്ചു. വയനാട്ടിൽ ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം. തേയില തോട്ടങ്ങൾ ലേബർ കോപറേറ്റിവ് സൊസൈറ്റികൾ ഏറ്റെടുക്കണമെന്നും ഗാഡ്‌ഗിൽ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിൽ ആഗോളതലത്തിൽ ഇന്ത്യയുടേത് മോശം റാങ്കിങാണ്. റാങ്ക് ചെയ്‌ത 146 രാജ്യങ്ങളില്‍ 146ാം സ്ഥാനമാണ് ഇന്ത്യ. സന്തോഷ സൂചികയിലും ഇന്ത്യയുടെ സ്ഥാനം പുറകിലാണ്. ഇതില്‍ മാറ്റമുണ്ടാകണമെന്നും ഗാഡ്‌ഗില്‍ പറഞ്ഞു.
പ്രകൃതി ചൂഷണത്തിന്‍റെ ഗുണം ചെറിയ വിഭാഗം സമ്പന്നര്‍ അനുഭവിക്കുന്നു. എന്നാല്‍ അതിന്‍റെ വില രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ നല്‍കേണ്ടിവരുന്നതാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുളള നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു.