കണ്ണൂര്‍: ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ കുന്നിന്‍ പ്രദേശമാണ് മാടായിപ്പാറ. കണ്ണൂര്‍ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയായി പഴയങ്ങാടിയിലാണ് ഈ മനോഹര നാടുള്ളത്. ഏകദേശം 600 ഏക്കറോളം പരന്നുകിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്.
വിവിധ തരത്തിലുള്ള സുന്ദരമായ പൂക്കളും പച്ചപ്പും കൊണ്ട് സമൃദ്ധമായ മാടായിപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാനായി നിരവധിപേരാണ് ഇവിടെയെത്തുന്നത്. ശാന്തമായ അന്തരീക്ഷത്തില്‍ വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ ഇതിലും നല്ലൊരു സ്ഥലം വേറെയില്ലെന്നാണ് സന്ദർശകരുടെ അഭിപ്രായം. എന്നാൽ മാടായിപ്പാറയുടെ നിലനിൽപ്പിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നതും ഇവിടുത്തെ കാഴ്‌ചകളിൽ നിന്നും വ്യക്തമാണ്.
വൈകുന്നേരമായാൽ എരിപുരം കവലയിൽ നിന്ന് മാടായിപ്പാറയിലേക്കുള്ള വഴി സന്ദർശകരുടെ വാഹനങ്ങൾ കൊണ്ട് നിറയും. പച്ചപ്പണിഞ്ഞ് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാറയുടെ എല്ലാ കോണിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ചെറുസംഘങ്ങള്‍ തമ്പടിക്കും. ഇതിനിടെ സന്ദര്‍ശക സംഘം ജൈവ വൈവിധ്യ കലവറയായ ഭൂമിയിലേക്ക് അനധികൃതമായി വാഹനങ്ങൾ കയറ്റുകയും വലിയ തോതില്‍ മാലിന്യങ്ങൾ തള്ളുകയും ചെയ്യുന്നുണ്ട്.
റീൽസ് എടുക്കാനും ഫോട്ടോ ഷൂട്ടിനും വേണ്ടി എല്ലാം സീമകളും ലംഘിച്ചാണ് മാടായിപ്പാറയിലേക്ക് വാഹനങ്ങൾ കയറ്റുന്നത്. ഇതിനെതിരെ കർശന നടപടി വേണം എന്നാണ് മാടായിപ്പാറ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നത്. പ്രാക്തനകാലം മുതൽ നാവികർക്ക് വഴികാട്ടിയായ ഏഴിമലക്ക് തൊട്ടടുത്താണ് മാടായിപ്പാറ. ഒരു കാലത്ത് ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു. ഏഴിമലക്ക് നാല് ചുറ്റും കടലായിരുന്നുവെന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന് പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് 'മാടായി' എന്ന് പിന്നീട് അറിയപ്പെട്ടത്.