തിരുവനന്തപുരം: ഉപജീവനമാര്‍ഗം കണ്ടെത്താന്‍ മത്സ്യബന്ധനത്തിനിറങ്ങി മൃതദേഹമായി കരയ്‌ക്കടിയുന്ന മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ നിലക്കാത്ത അകാലമരണങ്ങളുടെ ദുരിത ചിത്രം സഭയില്‍ അവതരിപ്പിച്ച് എം വിന്‍സന്‍റ് എംഎല്‍എ. മുതലപ്പൊഴിയിലെ അപകടമരണങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധിയെക്കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ചയാവശ്യപ്പെട്ട് അടിയന്തിര നോട്ടിസിന്‍മേല്‍ അനുമതി തേടുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴിയുടെ വര്‍ണ ശബളമായ ഭൂതകാലത്തെ ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് വിന്‍സന്‍റ് പ്രസംഗം ആരംഭിച്ചത്.
നൂറുകണക്കിന് വാഹനങ്ങള്‍ വന്ന് മത്സ്യമെടുത്തുകൊണ്ടു പോകുന്ന വളരെ സജീവമായ ഒരു മത്സ്യബന്ധന തുറമുഖമായിരുന്നു മുതലപ്പൊഴി. ഇന്ന് സംസ്ഥാനത്തെ 26 തുറമുഖങ്ങള്‍ക്കും ഇല്ലാത്ത വിധത്തിലുള്ള അപകടച്ചുഴിയാണ് മുതലപ്പൊഴിക്കുള്ളത്. ഒരിക്കലും തോരാത്ത കണ്ണീര്‍ച്ചുഴിയായി മുതലപ്പൊഴി മാറിയിരിക്കുന്നു.
അപകടം സംബന്ധിച്ച് യോഗങ്ങളെല്ലാം നടക്കുന്നുണ്ടെങ്കിലും പരിഹാരം അകലെയാണ്. മരണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. നാല് ദിവസം മുന്‍പാണ് അഞ്ചുതെങ്ങ് സ്വദേശി വിക്‌ടർ അവിടെ മരണമടയുന്നത്. മുതലപ്പൊഴിയില്‍ അപകടം പതിയിരിക്കുന്നുവെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ജീവന്‍ പണയപ്പെടുത്തി അവിടെ മത്സ്യബന്ധനത്തിന് പോകുന്നത് വീട്ടിലെ കുട്ടികളുടെ പട്ടിണി കാണാതിരിക്കുന്നതിന് വേണ്ടിയാണ്.
അപകടം സംബന്ധിച്ച് 7 പഠനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. അഴിമുഖത്തിന്‍റെ വീതി കൂട്ടുന്നതിന്‍റെ ഭാഗമായി ഇവിടെ 2021 സെപ്‌റ്റംബര്‍ മുതല്‍ ഡ്രഡ്‌ജിങ് തുടങ്ങുമെന്ന് മന്ത്രി നിയമസഭയ്‌ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. 2023 ജൂലൈ 31ന് മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, ആന്‍റണി രാജു എന്നിവര്‍ ചേര്‍ന്ന് നടത്തിയ യോഗത്തില്‍ ഡഡ്‌ജിങിന് പ്രോഗ്രാം ചാര്‍ട്ട് തയ്യാറാക്കാന്‍ തീരുമാനിച്ചു. 2024 ജനുവരി 3ന് വീണ്ടും മന്ത്രിതല യോഗം ചേര്‍ന്ന് ഡ്രഡ്‌ജിങ് ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു.
അപകടത്തിന്‍റെ മുഖ്യകാരണം അഴിമുഖത്ത് മണലടിയുന്നതാണ്. അത് നീക്കം ചെയ്യാനുള്ള നടപടികളിലാണ് വീഴ്‌ചയുണ്ടായിരിക്കുന്നത്. അത് സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയാണ്. ഇപ്പോള്‍ ജെസിബി ഉപയോഗിച്ച് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഒടുവിലെടുത്തിരിക്കുന്ന തീരുമാനം പ്രശ്‌ന പരിഹാരത്തിന് ഹാര്‍ബര്‍ അടയ്‌ക്കണം എന്നാണ്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഒരു സര്‍ക്കാരിന്‍റെ ആവശ്യമുണ്ടോ.
കരാര്‍ പ്രകാരം അദാനി ഗ്രൂപ്പ് ഡ്രഡ്‌ജിങ് പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ അവരെക്കൊണ്ട് ഡ്രഡ്‌ജിങ് പൂര്‍ത്തയാക്കാനുള്ള നടപടി സ്വീകരിക്കണം. മുതലപ്പൊഴിയില്‍ ഇതുവരെ അപകടങ്ങളില്‍ മരണപ്പെട്ടത് 74 പേരാണ്. അടിയന്തിരമായി ഇവിടെ ഡ്രഡ്‌ജിങ് പൂര്‍ത്തിയാക്കണം. പൊളിച്ചു മാറ്റിയ ഹാര്‍ബറിന്‍റെ തെക്കുഭാഗം അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കാനുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.
കടലറിവുള്ള മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കൂടി കണക്കിലെടുക്കണം. ചേലുപറയുന്ന ചേലാളന്‍മാര്‍ എല്ലാ തീരദേശങ്ങളിലും ഉണ്ടായിരുന്നു. അവരുടെ അഭിപ്രായത്തിന് സര്‍ക്കാര്‍ വില നല്‍കണം. 5 വര്‍ഷംകൊണ്ട് തീരദേശത്തിന്‍റെ കണ്ണുനീര്‍ തുടച്ചു മാറ്റും എന്ന് മന്ത്രി നല്‍കിയ ഉറപ്പ് ഇന്ന് തീരദേശത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ തുടച്ച് നീക്കുന്നിടത്തെത്തി നില്‍ക്കുകയാണെന്നും വിന്‍സന്‍റ് ആരോപിച്ചു.
ALSO READ: 'കേരള വേണ്ട കേരളം മതി' എന്ന് നിയമസഭ; ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്; പ്രമേയം പാസാക്കി