തിരുവനന്തപുരം: തലസ്ഥാനത്ത് 9 സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തള്ളി. സി.എസ്.ഐ മുൻ ബിഷപ്പ് ധർമരാജ രസാലത്തിന്‍റെ ഭാര്യ ഷേർളി ജോണിന്‍റെ നാമനിർദേശ പത്രിക ഉൾപ്പെടെയാണ് തള്ളിയത്. പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടന്നു വരികയാണ്. മതിയായ വിവരങ്ങൾ ഇല്ലാത്തതിന്‍റെ പേരിലാണ് ഷെര്‍ളി ജോണിന്‍റെ പത്രിക പരിശോധനയിൽ തള്ളിയത്. ഷേർളി ജോൺ സമർപ്പിച്ച നാമനിർദേശ പത്രികയിൽ ചില ഭാഗങ്ങൾ പൂരിപ്പിക്കാത്തതാണ് തള്ളാൻ കാരണമെന്നാണ് വിവരം.
32 സ്ഥാനാർഥികളായിരുന്നു തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനായി നാമനിർദേശ പത്രിക നൽകിയത്. സഭാ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഷേര്‍ളി ജോണിന്‍റെ സ്ഥാനാർഥിത്വമെന്നും, അതിന് പിന്നിൽ ബിജെപിയാണെന്നും ഇന്നലെ ഇടത് - വലത് മുന്നണികൾ ആരോപിച്ചിരുന്നു.
കാരക്കോണം മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് ബിഷപ്പ് ധർമരാജ രസാലത്തിനെ ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഈ കേസിൽ ഇഡിയുടെ അന്വേഷണം തുടരുന്നതിനിടെയാണ് ഭാര്യ ഷേർളി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ നാമനിർദേശ പത്രിക നൽകിയത്. സി.എസ്.ഐ ദക്ഷിണ മേഖല മഹായിടവകയിലെ മുൻ മോഡറേറ്ററായിരുന്നു ബിഷപ്പ് ധർമരാജ് രസാലം.
2023 ൽ കോടതി വിധിയെ തുടർന്നായിരുന്നു ബിഷപ്പ് സ്ഥാനമൊഴിഞ്ഞത്. നിലവിൽ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോർപറേറ്റ് മാനേജറാണ് ധർമ്മരാജ് റസാലം. ഷേർളി ജോണിന്‍റെ നാമനിർദേശ പത്രിക തള്ളപ്പെട്ടതോടെ സഭ വോട്ടുകൾ പ്രതീക്ഷിക്കുന്ന ഇടതുമുന്നണിക്കും വലതുമുന്നണിക്കും ആശ്വാസമായി.
ഇന്നലെയായിരുന്നു (04-042024) നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. അവസാന ദിവസത്തിൽ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ്, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എന്നിവരാണ് തിരുവനന്തപുരത്ത് പത്രിക സമർപ്പിച്ച പ്രധാന സ്ഥാനാർഥികൾ.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷൈൻ ലാലും, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക നൽകിയിരുന്നു. സ്ഥാനാർഥിയാകാനായി സമർപ്പിച്ച നാമനിർദേശ പത്രികകളും സത്യവാങ്മൂലവും നിലവിൽ സൂക്ഷ്‌മ പരിശോധന നടത്തി വരികയാണ്.