തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന് 10 ദിവസം മുൻപ് വരെ പേരുചേർക്കാൻ അവസരം. കേരളത്തിൽ ഏപ്രിൽ 4 വരെയാണ് നാമനിർദേശ പത്രികാസമർപ്പണം. ഇതനുസരിച്ച് മാർച്ച് 25 ആണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി.
*വോട്ടർ പട്ടികയിൽ പേര് ഉണ്ടോയെന്ന് പരിശോധിക്കാം*
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തു എന്നുള്ളതിനാൽ ഇത്തവണ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ, വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും നിലവിൽ വോട്ടർ പട്ടിക ലഭ്യമാണ്. അത് പരിശോധിച്ചാൽ വോട്ട് ഉണ്ടോ എന്ന് ഉറപ്പ് വരുത്താം. അതുമല്ലെങ്കിൽ ബൂത്ത് ലെവൽ ഓഫിസറെ സമീപിച്ചാലും നിലവിൽ വോട്ട് ഉണ്ടോ എന്ന് ഉറപ്പിക്കാനാകും.
ഏതെല്ലാം വഴി വോട്ടർ പട്ടികയിൽ പേര് ചേർക്കാം? വിശദമായി പരിശോധിക്കാം.
*നാല് മാർഗങ്ങളിലൂടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം*
പ്രധാനമായും നാല് വഴികളിലൂടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. വോട്ടേഴ്‌സ് സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്പ്ലൈൻ എന്ന മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ബൂത്ത് ലെവൽ ഓഫിസറെ നേരിട്ട് ബന്ധപ്പെട്ടും അക്ഷയ കേന്ദ്രം വഴിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
*വോട്ടേഴ്‌സ് സർവീസ് പോർട്ടൽ വഴി എങ്ങനെ പേര് ചേർക്കാം?*
ആദ്യം വോട്ടേഴ്‌സ് സർവീസ് പോർട്ടൽ (voters.eci.gov.in/signup) എന്ന വെബ്സൈറ്റിലേക്ക് പ്രവേശിക്കുക. മുകൾഭാഗത്ത് വലതുവശത്തായി കാണുന്ന സൈൻഅപ്പ് ക്ലിക്ക് ചെയ്‌ത് മൊബൈൽ നമ്പറും പേരും പാസ്‌വേഡും നൽകി പുതിയ അക്കൗണ്ട് സൃഷ്‌ടിക്കണം. New registration for general electors (form 6) എന്ന ഒപ്ഷൻ തുറക്കണം. Select state എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്‌ത് സംസ്ഥാനം തിരഞ്ഞെടുക്കണം.
തുടർന്ന് ജില്ല, പാർലമെന്‍റ്, നിയമസഭ മണ്ഡലങ്ങൾ അടക്കമുള്ള വിവരങ്ങൾ നൽകണം. വ്യക്തി വിവരങ്ങളും ജനനത്തീയതിയും വിലാസവും തെളിയിക്കുന്ന രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. വോട്ടേഴ്‌സ് സർവീസ് പോർട്ടൽ വഴി അപേക്ഷാഫോം ലഭ്യമാണ്.
ആധാർ ഇല്ലെങ്കിൽ മാത്രമേ മറ്റ് രേഖകൾ അനുവദിക്കുകയുള്ളൂ. തുടർന്ന് രേഖകൾ ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തിയ ശേഷം വോട്ടർ പട്ടികയിൽ പേര് ചേർക്കും. അപേക്ഷകന് തൽസ്ഥിതി പോർട്ടലിലൂടെ അറിയാൻ സാധിക്കും. ഇലക്ട്രോണിക് കാർഡ് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം. തിരിച്ചറിയൽ കാർഡ് നൽകിയ വിലാസത്തിലേക്ക് തപാൽ വഴി അയച്ചുനൽകും.
*വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴി എങ്ങനെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം*
ആദ്യം VOTER HELPLINE എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്. മൊബൈൽ നമ്പറും ഒടിപിയും നൽകി ലോഗിൻ ചെയ്യണം. വോട്ടേഴ്‌സ് സർവീസ് പോർട്ടലിൽ വിവരങ്ങൾ നൽകിയ അതേ മാതൃകയിൽ വിവരങ്ങളും രേഖകളും നൽകി ആപ്പ് വഴി പേര് രജിസ്റ്റർ ചെയ്യാം.
*ബൂത്ത് ലെവൽ ഓഫീസർ മുഖേന എങ്ങനെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം*
ceo.kerala.gov.in/blo എന്ന വെബ്സൈറ്റ് സന്ദർശിച്ച് ജില്ലയും നിയമസഭ മണ്ഡലവും ബൂത്ത് നമ്പറും നൽകിയാൽ ബൂത്ത് ലെവൽ ഓഫീസറുടെ പേരും ഫോൺ നമ്പറും ലഭിക്കും. ബൂത്ത് ലെവൽ ഓഫിസർക്ക് നേരിട്ട് രേഖകൾ സമർപ്പിക്കാം. കുടുംബാംഗത്തിൻ്റെ വോട്ടർ ഐഡിയും പാസ്പോർട്ട് സെെസ് ഫോട്ടോയും പേര്, വിലാസം, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖ, ആധാറിൻ്റെ സെൽഫ് അറ്റസ്റ്റഡ് കോപ്പി എന്നിവയുമാണ് നൽകേണ്ടത്.
*അക്ഷയ കേന്ദ്രം വഴി വോട്ടർ പട്ടികയിൽ എങ്ങനെ പേര് ചേർക്കാം?
മേൽപ്പറഞ്ഞതിന് സമാനമായി കുടുംബാംഗത്തിൻ്റെ വോട്ടർ ഐഡിയും പാസ്പോർട്ട് സെെസ് ഫോട്ടോയും പേര്, വിലാസം, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖ, ആധാറിൻ്റെ സെൽഫ് അറ്റസ്റ്റഡ് കോപ്പി എന്നിവയും നൽകി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാവുന്നതാണ്.