തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഏറെ പ്രധാനപ്പെട്ട മണ്ഡലങ്ങളുലൊന്നാണ് തിരുവനന്തപുരം. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ശശി തരൂർ വിജയിച്ചത്. 15,000 ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് തരൂർ പരാജയപ്പെടുത്തിയത്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തലസ്ഥാനത്ത് ലീഡ് നില മാറിമറിഞ്ഞ് നിൽക്കുകയായിരുന്നു. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രേശഖറും യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും തമ്മിലായിരുന്നു പോരാട്ടം. മിനിറ്റുകളുടെ വ്യത്യാസത്തിൽ ലീഡ് മാറിമറിയുന്ന നിലയാണ് കണ്ടുവന്നത്. വോട്ടെണ്ണൽ ആരംഭിച്ച സമയത്ത് ലീഡ് ചെയ്‌തിരുന്നത് രാജീവ് ചന്ദ്രേശഖറായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രാജീവ് ചന്ദ്രശേഖറാണ് രണ്ടായിരത്തിനടുത്ത് ലീഡ് ചെയ്‌തിരുന്നത്. പിന്നീട് ശശി തരൂർ ലീഡ് ഉയർത്തി.
പോസ്‌റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് മുന്നിലെത്താൻ സാധിച്ചിരുന്നു. എന്നാല്‍, ഇവിഎമ്മിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ശശി തരൂര്‍ ലീഡ് ഉയർത്തി. പക്ഷേ, ആ ലീഡ് നില കുത്തനെ ഉയര്‍ത്താൻ ശശി തരൂരിന് സാധിച്ചില്ല. അതേസമയം ആറായിരത്തിന് മുകളിലേക്ക് ലീഡ് ഉയര്‍ത്തി രാജീവ് ചന്ദ്രശേഖർ മുന്നിൽ എത്തി.
എന്നാൽ, അവസാന ലാപ്പിൽ ഭൂരിപക്ഷം നേടിയ തരൂർ മൂന്നാം തവണയും തിരുവനന്തപുരത്ത് തന്‍റെ എംപി സ്ഥാനം നിലനിർത്തി. തീരദേശ വോട്ടുകളാണ് തരൂരിന് ലീഡ് തിരികെ നൽകിയത്. 15 ശതമാനത്തോളമുള്ള നിഷ്‌പക്ഷ വോട്ടുകൾ തിരുവനന്തപുരത്ത് എക്കാലവും നിർണായകമായി മാറാറുണ്ട്. ഇത്തവണ ആ വോട്ടുകളും തരൂരിന് ലഭിച്ചുവെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം തുറമുഖ സമരവും ന്യൂനപക്ഷങ്ങൾക്കെതിരായ നിലപാടുകളും ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നാണ് വോട്ട് കണക്ക് സൂചിപ്പിക്കുന്നത്.
Also Read: