തിരുവനന്തപുരം: നാലാമങ്കത്തിനിറങ്ങിയ തരൂരിനെ ആദ്യം വിറപ്പിച്ച ശേഷമാണ് തിരുവനന്തപുരം അദ്ദേഹത്തിന് വിജയം സമ്മാനിച്ചത്. ഇത്തവണ കേരളത്തില്‍ ശക്തമായ യുഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും വെറും 15,974 വോട്ടിന്‍റെ വിജയം നേടാനേ തരൂരിനായുള്ളൂ.
വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ പോസ്‌റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ നേരിയ ലീഡ് നേടി. പിന്നീട് അത് ആയിരത്തിനു മുകളിലേക്കുയര്‍ത്തിയെങ്കിലും പിന്നാലെ തരൂര്‍ ക്രമേണ ലീഡ് ഉയര്‍ത്തി അയ്യായിരമാക്കി. തൊട്ടുപിന്നാലെ വീണ്ടും ലീഡുയര്‍ത്തിയ രാജീവ് ചന്ദ്രശേഖര്‍ അത് പതിനായിരത്തിനു മുകളില്‍ കടത്തി. പിന്നെ അത് 13,653, 13,363, 156,16, 23,288, 22,960 ആയി ഉയര്‍ന്നതോടെ തരൂര്‍ ക്യാമ്പില്‍ അങ്കലാപ്പിലായി.
മണിക്കൂറുകളോളം ഈ ലീഡ് നില നിലനിര്‍ത്താനാകുക കൂടി ചെയ്‌തതോടെ രാജീവ് ചന്ദ്രശേഖര്‍ വിജയത്തിലേക്ക് നീങ്ങുന്നു എന്ന പ്രതീതി ഉയരുകയും ചെയ്‌തു. അതിനു ശേഷം ലീഡ് നില 22,960ലേക്ക് താഴ്ന്നു. പിന്നെ അത് 17,072 ലേക്കും പതിനായിരത്തിലേക്കും പിന്നാലെ അത് അയ്യായിരത്തിലേക്കും ആയിരത്തിലേക്കും താഴുകയായിരുന്നു. പിന്നാലെ ലീഡു നില ഉയര്‍ത്തിയ തരൂര്‍ അത് 16,077 ആക്കി ഫിനിഷ് ചെയ്‌തു.
2014 ലേതിന് സമാനമായി ഇത്തവണയും കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളാണ് തരൂരിന്‍റെ വിജയത്തില്‍ നിര്‍ണായക പിന്തുണ നല്‍കിയത്. തിരുവനന്തപുരം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങള്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് നിലകൊണ്ടത്. നാല് മണ്ഡലങ്ങളില്‍ രാജീവ് ചന്ദ്രശേഖരന്‍ നേടിയ ലീഡിനെ മൂന്നു മണ്ഡലങ്ങളിലെ വമ്പന്‍ ലീഡിലൂടെ മറികടക്കാന്‍ തരൂരിനായി.
ശക്തമായ വിരുദ്ധ വികാരം തരൂരിനുണ്ടായിരുന്നു എന്നത് നേരായിരുന്നു. മണ്ഡലത്തില്‍ വല്ലപ്പോഴും മാത്രം വന്നു പോകുന്ന എംപിയെന്നും പാര്‍ട്ടി പ്രവര്‍ത്തകരോടു പോലും ബന്ധമില്ലെന്ന അണികളുടെ പരാതിയും തരൂരിന്‍റെ കുറഞ്ഞ ഭൂരിപക്ഷത്തിനു കാരണമായെന്നാണ് പൊതുവായ വിലയിരുത്തല്‍. എങ്കിലും തീരമേഖലകളിലേയും ന്യൂനപക്ഷ മേഖലകളിലെയും വോട്ട് ദേശീയതലത്തില്‍ ഒരു മതേതര സര്‍ക്കാര്‍ എന്ന നിലയിലേക്കു മാറിയത് തരൂരിനെ തുണച്ചു.
നരേന്ദ്ര മോദിയുടെ അടിക്കടിയുള്ള ന്യൂനപക്ഷ വിരുദ്ധ പ്രസ്‌താവനകളുയര്‍ത്തിയ അമര്‍ഷവും രാജീവ് ചന്ദ്രശേഖര്‍ മോദിയുടെ സ്വന്തം സ്ഥാനാര്‍ഥി എന്ന യുഡിഎഫ് എല്‍ഡിഎഫ് പ്രചാരണവും തരൂരിനു തുണയായി. ശശി തരൂര്‍ 3,58,155 വോട്ട് നേടിയപ്പോള്‍ രാജീവ് ചന്ദ്രശേഖരന് 3,42,078 വോട്ട് ലഭിച്ചു. 2,47,648 വോട്ടും മൂന്നാം സ്ഥാനവും കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനു തൃപ്‌തിപ്പെടേണ്ടി വന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തുന്നത്.