പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലം നിലനിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠൻ. 75,274 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷത്തിലാണ് ശ്രീകണ്ഠൻ വിജയം നേടിയത്. കഴിഞ്ഞ തവണ 11,000-ല്‍ ഏറെയായിരുന്നു ഭൂരിപക്ഷം. 418072 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥിയ്‌ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവന് 342798 വോട്ടുകള്‍ ലഭിച്ചു. എന്‍ഡി സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ മൂന്നാമതെത്തി. 249568 വോട്ടുകളാണ് കൃഷ്‌ണകുമാറിന് കിട്ടിയത്.
1996 മുതല്‍ ഇടതിനെ മാത്രം പിന്തുണച്ച പാലക്കാട്ട് സിപിഎമ്മിന്‍റെ എംബി രാജേഷിനെ അട്ടിമറിച്ചാണ് 2019-ല്‍ വികെ ശ്രീകണ്‌ഠന്‍ വിജയം നേടിയിരുന്നത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാണ് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെ സിപിഎം കളത്തിലിറക്കിത്. എന്നാല്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് എ വിജയരാഘവന്‍. എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ മൂന്നാമതാണ്.
മണ്ഡലത്തിന്‍റെ ചരിത്രം: 2019 തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രഭാവത്തില്‍ സിപിഎമ്മിന് കനത്ത നാണക്കേടുണ്ടാക്കിയ മണ്ഡലമാണ് പാലക്കാട്. 1996 മുതല്‍ ഇടതിനെ മാത്രം പിന്തുണച്ച പാലക്കാട്ട് 2019-ല്‍ കോണ്‍ഗ്രസിന്‍റെ വി കെ ശ്രീകണ്‌ഠന്‍ സിപിഎമ്മിന്‍റെ എംബി രാജേഷിനെതിരെ അട്ടിമറി വിജയമാണ് കരസ്ഥമാക്കിയത്. എ വിജയ രാഘവനെ മത്സര രംഗത്തിറക്കുമ്പോള്‍ 89-ലെ അട്ടിമറി വിജയമാണ് സിപിഎം ലക്ഷ്യം വച്ചത്. 1980 ലാണ് സിപിഎമ്മിന്‍റെ ടി ശിവദാസ മേനോനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ വി എസ് വിജയരാഘവന്‍ ആധിപത്യം സ്ഥാപിച്ചത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലും വി എസ് വിജയരാഘവന്‍ തന്നെ വിജയിച്ചു കയറി.
1989- ല്‍ അഭിമാനം തിരിച്ചുപിടിക്കാന്‍ സിപിഎം കളത്തിലിറക്കിയത് അന്നത്തെ എസ്‌എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റായിരുന്ന എ വിജയരാഘവനെ. പ്രതീക്ഷ തെറ്റിക്കാതെ എ വിജയരാഘവന്‍ കോണ്‍ഗ്രസിന്‍റെ വി എസ് വിജയരാഘവനെ അട്ടിമറിച്ചു. 2024-ല്‍ സമാനമായ പ്രതിസന്ധി ഘട്ടത്തില്‍ എ വിജയരാഘവന്‍ വീണ്ടുമെത്തുമ്പോള്‍ വിജയം മാത്രമായിരുന്നു സിപിഎമ്മിന്‍റെ മനസില്‍.
ALSO READ: അനന്തപുരിയില്‍ ഇഞ്ചോടിഞ്ച് ; ശശി തരൂരിന്‍റെ ലീഡ് രണ്ടായിരത്തിലേറെ - Thiruvananthapuram Constituency
പാലക്കാട്, മലമ്പുഴ, മണ്ണാർക്കാട്, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പാലക്കാട് ലോക്‌സഭ മണ്ഡലം. പാലക്കാട് മണ്ഡലത്തിൽ ഇത്തവണ രേഖപ്പെടുത്തിയത് 73.37 ശതമാനം പോളിങ്ങാണ്. 5,31,340 സ്ത്രീകള്‍, 4,94,480 പുരുഷന്മാര്, എട്ട് ട്രാൻസ് വ്യക്തികള്‍ ഉൾപ്പെടെ 10,25,828 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 77.62 ശതമാനം പോളിങ്ങായിരുന്നു മണ്ഡലത്തില്‍ 2019-ൽ രേഖപ്പെടുത്തിയിരുന്നു.