ഇടുക്കി : ഇടുക്കിയിൽ വിജയം കൊയ്‌ത് യുഡിഎഫ്. തുടർച്ചയായി രണ്ടാം തവണയും ഇടുക്കിയിൽ നിന്നും പാർലമെന്‍റംഗമാകാൻ സാധിച്ചതിൽ ജനങ്ങളോടും പ്രവർത്തകരോടും നന്ദി പറഞ്ഞ് ഡീൻ കുര്യാക്കോസ്. ഈ വിജയം ഇന്ത്യയിലെ ജനാധിപത്യ മതേതര പോരാട്ടത്തിന് കരുത്ത് പകരുന്നതിന് വേണ്ടിയുള്ള ഇടുക്കിയിലെ ജനങ്ങളുടെ വലിയ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നാടിനോടുള്ള ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ തീർത്താൽ തീരാത്ത വിരോധത്തിനെതിരെയുള്ള പ്രതിഷേധമാണ് തന്‍റെ ഈ വിജയത്തിന്‍റെ പിന്നിലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ജനാധിപത്യ മതേതര വിശ്വാസികൾ ഐക്യജനാധിപത്യ മുന്നണി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളാണ് ശരിയെന്ന് പ്രതികരിച്ചിട്ടുണ്ട്. അതിന്‍റെ കൂടെ പ്രതിഫലനമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
വളരെ കുറച്ച് ബൂത്തുകളിൽ മാത്രമേ ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുള്ളൂ. രാഷ്ട്രീയത്തെ വ്യക്തിപരമായി കാണുന്നില്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇന്ത്യ മുന്നണി വലിയൊരു ചെറുത്തുനിൽപ്പാണ് നടത്തിയിരിക്കുന്നതെന്നും ജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹിന്ദി ഹൃദയഭൂമിയിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ : ഇടുക്കിയുടെ ഇടനെഞ്ചില്‍ ഡീന്‍ കുര്യാക്കോസ്; 1,29,000 കടന്ന് ലീഡ്