എറണാകുളം : ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു. വിതരണം ചെയ്യുന്ന വാഹനം എറണാകുളം ജില്ലാ കളക്‌ടർ എൻ എസ് കെ ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്‌തു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജില്ലയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്.
ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെയും അസിസ്‌റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് (എ ആർ ഒ) കളക്‌ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വിവിപാറ്റ് മെഷീനുകള്‍ തുടങ്ങിയ പോളിംഗ് സാമഗ്രികള്‍ കൈമാറിയത്.
ആദ്യദിവസം പെരുമ്പാവൂർ, കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലെ എ ആർ ഒ മാർക്കാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്‌തത്. ഏപ്രിൽ 11 ന് കോതമംഗലം, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, അങ്കമാലി, ആലുവ, തൃക്കാക്കര മണ്ഡലങ്ങളിലെ എ ആർ ഒ മാർക്ക് വിതരണം ചെയ്യും. 14 നിയോജക മണ്ഡലങ്ങളിലായി 2748 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 2953 വിവിപാറ്റ് മെഷീനുകളാണ് വിതരണം ചെയ്യുന്നത്.
ഒന്നാംഘട്ട റാൻഡമൈസേഷനിലൂടെ ഓരോ നിയോജകമണ്ഡലത്തിനും അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് കൈമാറുന്നത്. ഇവ ഓരോ നിയോജകമണ്ഡലത്തിലേയും സ്ട്രോങ് റൂമിൽ സൂക്ഷിക്കും. ജിപിഎസ് ഉൾപ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രങ്ങൾ ഓരോ നിയോജകമണ്ഡലത്തിലേയും സ്ട്രോങ് റൂമിലെത്തിക്കുന്നത്. ഏപ്രിൽ പകുതിക്കുശേഷം നടക്കുന്ന രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാകും വോട്ടിംഗ് മെഷീൻ ഏത് പാേളിംഗ് ബൂത്തിലേക്ക് എന്നു നിശ്ചയിക്കുക.
അതേസമയം എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി. മത്സര രംഗത്തുള്ളത് പത്തുപേരാണ്. സ്ഥാനാർഥികൾക്കുള്ള ചിഹ്നം എറണാകുളം മണ്ഡലം വരണാധികാരിയും ജില്ലാ കളക്‌ടറുമായ എൻ എസ് കെ ഉമേഷ് അനുവദിച്ചു. സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ടിന് അവസാനിച്ചതോടെയാണ് അന്തിമ പട്ടികയായത്. സൂക്ഷ്‌മ പരിശോധന പൂർത്തിയായപ്പോഴും മണ്ഡലത്തിൽ 10 സ്ഥാനാർഥികൾ തന്നെയായിരുന്നു മത്സര രംഗത്ത്.
സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം ചുവടെ
- വയലാർ ജയകുമാർ- ബഹുജൻ സമാജ് പാർട്ടി - ആന
- ഡോ. കെ.എസ് രാധാഷ്‌ണൻ - ഭാരതീയ ജനത പാർട്ടി - താമര
- കെ.ജെ ഷൈൻ ടീച്ചർ -കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) - ചുറ്റിക അരിവാൾ നക്ഷത്രം
- ഹൈബി ഈഡൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കൈപ്പത്തി
- അഡ്വ. ആൻ്റണി ജൂഡി- ട്വൻ്റി 20 പാർട്ടി - ഓട്ടോറിക്ഷ
- പ്രതാപൻ - ബഹുജൻ ദ്രാവിഡ പാർട്ടി - വജ്രം
- ബ്രഹ്മകുമാർ - സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്‌റ്റ് )-ബാറ്ററി ടോർച്ച്
- രോഹിത് കൃഷ്‌ണൻ - സ്വതന്ത്രൻ - ലാപ്ടോപ്പ്
- സന്ദീപ് രാജേന്ദ്രപ്രസാദ് - സ്വതന്ത്രൻ - പായ് വഞ്ചിയും തുഴക്കാരനും
- സിറിൽ സ്‌കറിയ - സ്വതന്ത്രൻ- പേനയുടെ നിബ്ബും ഏഴ് രശ്‌മിയും
ചാലക്കുടി മണ്ഡലത്തിൽ 11 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാർഥികൾക്കുള്ള ചിഹ്നം മണ്ഡലം വരണാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി. എബ്രഹാം അനുവദിച്ചു. ഭാരത് ധർമ്മജന സേനയുടെ ഡമ്മി സ്ഥാനാർഥിയായിരുന്ന അനിൽകുമാർ സി.ജി പത്രിക പിൻവലിച്ചതോടെയാണ് അന്തിമ പട്ടിക പതിനൊന്ന് ആയത്.
സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം ചുവടെ
- ബെന്നി ബഹനാൻ- ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കൈപ്പത്തി
- പ്രൊഫ. സി രവീന്ദ്രനാഥ് - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) - ചുറ്റിക അരിവാൾ നക്ഷത്രം
- റോസിലിൻ ചാക്കോ - ബഹുജൻ സമാജ് പാർട്ടി - ആന
- കെ.എ ഉണ്ണികൃഷ്‌ണൻ - ഭാരത് ധർമ്മജന സേന - കുടം
- അഡ്വ. ചാർലി പോൾ - ട്വന്‍റി 20 പാർട്ടി - ഓട്ടോറിക്ഷ
- ഡോ. എം. പ്രദീപൻ - സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്‌റ്റ്)- ബാറ്ററി ടോർച്ച്
- അരുൺ എടത്താടൻ - സ്വതന്ത്രൻ - ഗ്യാസ് സിലിണ്ടർ
- ടി.എസ് ചന്ദ്രൻ - സ്വതന്ത്രൻ - ലക്കോട്ട്
- ജോൺസൺ കെ. സി - സ്വതന്ത്രൻ - അലമാര
- ബോസ്കോ കളമശ്ശേരി - സ്വതന്ത്രൻ - ക്യാമറ
- സുബ്രൻ കെ.ആർ - സ്വതന്ത്രൻ - കളർ ട്രേയും ബ്രഷും