കണ്ണൂർ: കണ്ണൂരിന്‍റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ചൂട് 36 ഡിഗ്രിയും കടന്നു. എന്നാൽ തെരഞ്ഞെടുപ്പ് ചൂട് കത്തി കയറുന്നതെ ഉള്ളു. നിരത്തുകളിൽ തലങ്ങും വിലങ്ങും പ്രധാന മുന്നണികളുടെ വാഹനങ്ങൾ റോന്ത് ചുറ്റാൻ തുടങ്ങിയിട്ടില്ല. പെരുന്നാളും വിഷുവും കഴിഞ്ഞാൽ അവർ നിരത്തുകൾ കീഴടക്കും. അതിനുള്ള എല്ലാം ഒരുക്കങ്ങളും മുന്നണികൾ തുടങ്ങി കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊഴുപ്പ് കൂട്ടുന്ന ഒന്നാണ് പാട്ടും അനൗൺസ്മെന്‍റും. തങ്ങളുടെ മുന്നണികളുടെ പ്രധാന മുദ്രാവാക്യങ്ങളും, രാഷ്ട്രീയ ഉറപ്പുകളുമായി എതിരാളികളെ വാക്ക് കൊണ്ട് എതിരിടുന്നതാണ് ഓരോ അനൗൺസ്‌മെന്‍റുകളും. ശബ്‌ദം കൊണ്ട് ആരെയും ആകർഷിപ്പിക്കുന്ന ഒരു കുടുംബമുണ്ട് കണ്ണൂർ രാമപുരത്ത്. രാമപുരം രാജുവും മക്കളും.
ശബ്‌ദത്തിൽ കിടുവാണ് സപര്യ. എഡിറ്റിങിലും ആനിമേഷനിലും മിടുക്കിയാണ് സരയു. അച്‌ഛൻ രാജുവിനൊപ്പം പഴയങ്ങാടിക്കടുത്തെ രാമപുരത്തെ വീട്ടിൽ സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥന വീഡിയോയും ശബ്‌ദ മിശ്രണങ്ങളും തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോൾ ഇവർ. ചെറു ആനിമേഷൻ വീഡിയോകളും ശബ്‍ദ മിശ്രണങ്ങളും ആണ് അച്‌ഛനും മക്കളും ചേർന്ന് തയ്യാറാക്കുന്നത്.
എല്ലാം മുന്നണികളുടെയും സ്ഥാനാർഥികൾക്കുവേണ്ടിയുള്ള ഹൃസ്വ വീഡിയോയും ഇവർ തയ്യാറാക്കുന്നുണ്ട്. കെ സി വേണുഗോപാൽ രാജ്മോഹൻ ഉണ്ണിത്താൻ, എം വി ജയരാജൻ, സി രഘുനാഥ് എന്നിവരുടേത് ഇറങ്ങിക്കഴിഞ്ഞു. വോട്ട് വണ്ടി ഗ്രാമ-നഗര പ്രദേശങ്ങളിൽ എത്തുമ്പോൾ തങ്ങളുടെ സ്ഥാനാർഥി അവിടെ ചെയ്യാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ ചെയ്‌ത കാര്യങ്ങൾ എന്നിവ പറയുന്നതാണ് വീഡിയോകൾ. രണ്ടര മിനിറ്റുള്ള പലപല വീഡിയോകൾ തയ്യാറാക്കുന്നതാണ് രീതി.
പ്രൊഫഷണൽ അനൗസറാണ് വാദ്യ കലാകാരൻ കൂടിയായ രാമപുരം രാജു. മാടായി ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയും ചിത്രകാരിയുമായ മൂത്തമകൾ സരയുവാണ് റെക്കോർഡിങ്, എഡിറ്റിങ്, മിക്‌സിങ് എന്നിവ നിർവഹിക്കുന്നത്. പിലാത്തറ മേരി മാതാ സ്‌കൂളിലെ പത്താംതരം വിദ്യാർഥിനിയായ രണ്ടാമത്തെ മകൾ സപര്യയും അച്‌ഛനൊപ്പം വീഡിയോയിൽ ശബ്‌ദം നൽകുന്നു.
തുള്ളൽ കലാകാരിയാണ് സപര്യ. രാജുവിന്‍റെ ഭാര്യ പ്രിയയും റെക്കോർഡിങ് പ്രവൃത്തികൾക്ക് പൂർണ പിന്തുണയും ആയി കൂടെയുണ്ട്. ചില സ്ഥാനാർഥികൾക്ക് വേണ്ടി ആവശ്യമായ സ്ക്രിപ്റ്റുകൾ രാഷ്ട്രീയ പാർട്ടികൾ തന്നെ നൽകും. അതിൽ ആവശ്യമായ മാറ്റം മാത്രം ചേർത്താൽ അനൗൺസ്മെന്‍റിനുള്ള വാചകങ്ങൾ റെഡി. ചിലർ പേരും മണ്ഡലവും ചിഹ്നവും മാത്രം നൽകും. അവശ്യമായ എഴുത്തുകൾ സ്വയം ഉണ്ടാക്കിയാണ് വീഡിയോയിലെ അനൗൺസ്മെന്‍റ് ഇവർ ചിട്ടപ്പെടുത്തുന്നത്.
വാഹനാപകടത്തിൽപെട്ട് വീട്ടിൽ വിശ്രമത്തിലാണ് രാജു. വാദ്യകലാകാരനായ രാജുവും ചിത്രകാരിയായ സരയൂവും തുള്ളൽ കലാകാരിയായ സപര്യയും നേടിയ അംഗീകാരങ്ങളും ചെറുതല്ല, വീട്ടിലെ ഷോക്കേസിലെ ട്രോഫികളുടെ എണ്ണം കണ്ടാൽ ഇത് മനസിലാകും.
Also Read: കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് പട്ടിക രാഷ്‌ട്രീയ ആയുധമാക്കാൻ സിപിഎം