എറണാകുളം : നടൻ മമ്മൂട്ടിയെ സന്ദർശിച്ച് വോട്ടുതേടി എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ. മണ്ഡലത്തിലെ വോട്ടർ കൂടിയായ മമ്മൂട്ടിയെ എളംകുളത്തെ വീട്ടിലെത്തിയാണ് ഹൈബി കണ്ടത്. നടനെ കണ്ട സ്ഥാനാർഥി വോട്ടഭ്യർഥിക്കുകയും അനുഗ്രഹം തേടുകയും ചെയ്‌തു.
പതിവ് ശൈലിയിൽ ഒന്നും വിട്ടുപറയാതെയും ആരെയും നിരാശപ്പെടുത്താതെയുമുള്ള പ്രതികരണമായിരുന്നു മമ്മൂട്ടിയുടേത്. നടനും കോൺഗ്രസ് അനുഭാവിയുമായ രമേഷ് പിഷാരടിയും ഹൈബിയോടൊപ്പമുണ്ടായിരുന്നു. ഹൈബി ഈഡനുമായി വ്യക്തിപരമായി അടുത്ത ബന്ധമുള്ള മമ്മൂട്ടി വിജയാശംസകൾ നേർന്നാണ് തിരിച്ചയച്ചത്.
കുടുംബസമേതമെത്തി രാവിലെ തന്നെ വോട്ട് ചെയ്യാറുള്ള നടൻ മമ്മൂട്ടി സമ്മതിദാനാവകാശം ഒരോ പൗരനും വിനിയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി മടങ്ങാറാണ് പതിവ്. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. എറണാകുളം പൊന്നുരുന്നിയിലെ സ്‌കൂളിലാണ് മമ്മൂട്ടിയും കുടുംബവും വോട്ട് രേഖപ്പെടുത്തുക. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയും, എൻഡിഎ സ്ഥാനാർഥിയും നടനെ കണ്ട് വോട്ടഭ്യർഥിക്കും.
പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ പൊതുപര്യടനം പൂർത്തിയാക്കി പ്രധാന വ്യക്തികളെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. കൊച്ചിയിൽ വോട്ടവകാശമുള്ള താരങ്ങളെ മുഴുവൻ സ്ഥാനാർഥികളും നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്നതാണ് പതിവ്.