കൊല്ലം : ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്‌ടറൽ ബോണ്ടെന്നും, ഏറ്റവും വലിയ അഴിമതിക്കാരനാണ് നരേന്ദ്രമോദിയെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്‍റുമായ സുഭാഷിണി അലി. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
8,000 കോടിയാണ് ബിജെപി ഇലക്‌ടറൽ ബോണ്ട് വഴി നേടിയത്. ഭരണഘടനാവിരുദ്ധമായ ഒട്ടേറെ സംഭവങ്ങൾ ഇതിനുപുറകിൽ നടന്നിട്ടുണ്ട്. ഗുജറാത്തിലെ ഫാർമ കമ്പനിയുടെ കയ്യിൽ നിന്നും നൂറുകണക്കിന് കോടി രൂപ ഇലക്‌ടറൽ ബോണ്ട് വഴി വാങ്ങിയ ശേഷം മനുഷ്യന് ഹാനികരമെന്ന് ഡോക്‌ടർമാർ വിധിയെഴുതിയ മരുന്നുകളുടെ ഉത്പാദനം വർധിപ്പിക്കാൻ മോദി സർക്കാർ അനുമതി നൽകിയതായും സുഭാഷിണി അലി ആരോപിച്ചു.
പണത്തിനുവേണ്ടി ആളെ കൊല്ലാനുള്ള അവകാശമാണ് കമ്പനികൾക്ക് നൽകിയത്. ബിജെപി വീണ്ടും ഭരണത്തിൽ വന്നാൽ ഇലക്‌ടറൽ ബോണ്ട് പുനസ്ഥാപിക്കും എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്‌താവന ആശങ്ക ജനിപ്പിക്കുന്നു. 10 വർഷം കൊണ്ട് രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ എല്ലാം മോദി ഭരണം ദുർബലമാക്കി. ഭരണഘടനയ്ക്ക് പകരം വിശ്വാസവും വികാരവും ആണ് ബിജെപിയുടെ ഭരണത്തിനടിസ്ഥാനം. ഇതിനെതിരെ ആർക്കും ശബ്‌ദിക്കാൻ ആകുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
സ്ത്രീശക്തിയെക്കുറിച്ച് പറയുന്ന ബിജെപി സ്വീകരിക്കുന്നത് സ്ത്രീവിരുദ്ധ നയങ്ങൾ ആണെന്നും സുഭാഷിണി അലി പറഞ്ഞു. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്‌തമാണ്. ഇവിടെ ചോദ്യം ചോദിക്കാൻ ആരെയും ഭയപ്പെടേണ്ട. സ്ത്രീകൾക്ക് സംരക്ഷണവും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും കേരളത്തിൽ ഉറപ്പാണ്. ഇത് ഇടതുപക്ഷ സർക്കാറിന്‍റെ വിജയമാണെന്നും സുഭാഷിണി അലി കൂട്ടിച്ചേർത്തു.