തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള എൽഡിഎഫിന്‍റെ മണ്ഡലപര്യടനം ഇന്ന് (മാർച്ച് 30) തലസ്ഥാനത്ത് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങിയാണ് ഇന്ന് തലസ്ഥാനത്ത് മണ്ഡലപര്യടനം ആരംഭിക്കുന്നത്. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് വേണ്ടിയാണ് മുഖ്യമന്ത്രി ഇന്ന് പ്രചാരണത്തിനിറങ്ങുന്നത്.
രാവിലെ പത്തരയ്ക്ക് നെയ്യാറ്റിൻകര ടൗണിലാണ് മണ്ഡല പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യത്തെ പൊതുയോഗം. തുടർന്ന് വൈകിട്ട് നാലരക്ക് തിരുവല്ലം മൈതാനത്തും അഞ്ചരയ്ക്ക് പേട്ടയിലും മണ്ഡല പര്യടനത്തിന്‍റെ ഭാഗമായുള്ള പൊതുയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
പൗരത്വ നിയമത്തിനെതിരായ എൽഡിഎഫിന്‍റെ പ്രതിഷേധ സംഗമങ്ങൾ ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള മണ്ഡലപര്യടനങ്ങൾക്ക് എൽഡിഎഫ് തുടക്കം കുറിക്കുന്നത്. അതാത് ജില്ലകളിൽ നിന്നുള്ള സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ എൽഡിഎഫിന്‍റെ സ്ഥാനാർഥി പര്യടനങ്ങൾ എല്ലാ മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
കേന്ദ്ര മന്ത്രിമാരെയും ദേശീയ നേതാക്കളെയുമിറക്കി യുഡിഎഫും, എൻഡിഎയും പ്രചാരണ രംഗത്തുണ്ട്. വർഗീയ വിരുദ്ധ നിലപാട് ആയുധമാക്കിയുള്ള എൽഡിഎഫിന്‍റെ പ്രചാരണം, മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന മണ്ഡലപര്യടനങ്ങൾ ആരംഭിക്കുന്നത്തോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
പൗരത്വ നിയമവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും സജീവ ചർച്ച വിഷയമാക്കിയാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ പ്രചാരണം തുടരുന്നത്. ഇന്ന് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ നാമനിർദ്ദേശപത്രിക സമർപ്പിക്കും.
ആദ്യ ദിനം പത്രിക സമർപ്പിച്ചത് 14 പേർ : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ മാര്‍ച്ച് 28ന് സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ്, കാസര്‍കോട് എന്‍ഡിഎ സ്ഥാനാര്‍ഥി എം എല്‍ അശ്വിനി എന്നിവരാണ് പത്രിക സമര്‍പ്പിച്ചവരില്‍ പ്രമുഖര്‍.
മണ്ഡലം തിരിച്ചുള്ള വിവരം : തിരുവനന്തപുരം - 4, കൊല്ലം - 3, മാവേലിക്കര - 1, കോട്ടയം - 1, എറണാകുളം - 1, തൃശൂര്‍ - 1, കോഴിക്കോട് - 1, കാസര്‍കോട് - 2. മറ്റ് മണ്ഡലങ്ങളില്‍ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ഥികള്‍ രണ്ട് പത്രികകള്‍ വീതവും കാസര്‍കോട് ഒരാള്‍ മൂന്ന് പത്രികയും സമര്‍പ്പിച്ചു.
ആകെ 18 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ നാലുവരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. ദുഖവെള്ളി ദിനമായ മാര്‍ച്ച് 29, ഈസ്‌റ്റര്‍ ദിനമായ മാര്‍ച്ച് 31, സാമ്പത്തിക വര്‍ഷാരംഭ ദിനമായ ഏപ്രില്‍ 1 എന്നീ ദിവസങ്ങള്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്‌ട് പ്രകാരം അവധി ദിനങ്ങളായതിനാല്‍ ഈ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല.
രാവിലെ 11 മുതല്‍ വൈകിട്ട് 3 മണിവരെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 5 ന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. ഏപ്രില്‍ 8 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.