തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെ രാഷ്ട്രീയ ബന്ധുവായി കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് അവരെയും അങ്ങനെയാണ് കാണുന്നത്. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രധാന വ്യവസായിയാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ. ബിസിനസ് മുഖേന നേരായ രീതിയിൽ നേടിയ പണമാണെങ്കിൽ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ വെളിപ്പെടുത്തിയേനെ. രാജീവ് ചന്ദ്രശേഖർ ബിസിനസ് ഡോൺ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്ന ശശി തരൂരിന്‍റെ പ്രസ്‌താവന കോൺഗ്രസ്-ബിജെപി ചങ്ങാത്തം ഒളിക്കാനാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസ്-ബിജെപി ചങ്ങാത്തം ഒളിക്കാനുള്ള മുൻ യുഎൻ അണ്ടർ സെക്രട്ടറിയുടെ പിൻ ബുദ്ധിയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിൽ മത്സരം യുഡിഎഫും എൻഡിഎയും തമ്മിലാണെന്നും പന്ന്യൻ രവീന്ദ്രന്‍റെ പ്രചരണം ഫലപ്രദമല്ലെന്നും തരൂർ ഇന്നലെ പറഞ്ഞിരുന്നു. ഇതിനാണ് ബിനോയ് വിശ്വം മറുപടി നല്‍കിയിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം കോൺഗ്രസ് നേതാക്കൾക്ക് ദൂരകാഴ്ച്ചയില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന് മൂക്കിനപ്പുറം കാണാനാകുന്നില്ല. തൂക്ക് പാർലമെന്‍റ് വന്നാൽ തിരുവനന്തപുരത്തെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കോൺഗ്രസിൽ തുടരുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു. ആശയ പ്രശ്‌നങ്ങളിൽ ബിജെപിയോട് അനുഭാവം പുലർത്തുന്ന നേതാവാണ് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർഥിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹമാസിനെയും ഇസ്രായേൽ സിയോണിസത്തെയും ഒരു പോലെ കാണുന്ന നിലപാട് സ്വീകരിച്ചയാളാണ് ശശി തരൂർ. ജനങ്ങളാണ് ഹമാസിനെ തെരഞ്ഞെടുത്തത്. വേണ്ടി വന്നാൽ ബിജെപിയാകുമെന്ന് പറഞ്ഞയാളാണ് കോൺഗ്രസിന്‍റെ കണ്ണൂർ സ്ഥാനാർഥി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ബോർഡിൽ ബിജെപിയിലേക്ക് പോകാൻ ഇതിൽ ചേരുക എന്ന് കൂടി ചേർക്കണമെന്നും ബിനോയ് വ്ശ്വം പരിഹസിച്ചു.
മോദിയുടെ മൂന്നാമൂഴ പ്രഖ്യാപനം പരാജയ ഭീതി കൊണ്ടുള്ള പ്രഖ്യാപനമാണ്. മോദിക്ക് മൂന്നാമൂഴമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ എസ്എസ്-ബിജെപി രാഷ്ട്രീയത്തെ ചെറുക്കാനാകും ഇടതുപക്ഷത്തിന്‍റെ പ്രതിനിധികൾ പാർലമെന്‍റിൽ കൈപൊക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൂക്ക് പാർലിമെന്‍റിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ ഉണ്ടായാൽ യുഡിഎഫ് എന്ത് ചെയ്യുമെന്നും ബിജെപി പാളയത്തിലേക്ക് കൊണ്ട് പോകാൻ അദാനിമാർ വന്നാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. എംപിമാർ രാവിലെ കോൺഗ്രസും ഉച്ചയ്ക്ക് ബിജെപിയുമായി മാറുന്നു. കോൺഗ്രസ് പാർട്ടിയുടെ ഈ ഗതികെട്ട അവസ്ഥയിൽ ഞങ്ങൾ സന്തോഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.